ഫ്‌ളൈദുബൈ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ; ധീരതയെ പ്രശംസിച്ചു

ദുബൈ: ഫ്‌ളൈദുബൈ വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയ്ക്കിടെ അസാമാന്യ ധീരതയും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ക്യാപ്റ്റൻ കാണിച്ച പ്രതിബദ്ധതയെയും സമയോചിതമായ ഇടപെടലിനെയും ഷെയ്ഖ് ഹംദാൻ നേരിട്ടെത്തി പ്രശംസിച്ചു. ഏറ്റവും ഉയർന്ന തലത്തിലുള്ള ധീരതയും ഉത്തരവാദിത്തവും മനുഷ്യജീവനോടുള്ള കരുതലുമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും, രാജ്യത്തിന്റെയും ഭരണനേതൃത്വത്തിന്റെയും പൂർണ്ണമായ അഭിനന്ദനവും പ്രശംസയും അദ്ദേഹത്തിനുണ്ടെന്നും ഷെയ്ഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ദുബൈയിൽ നിന്ന് പുറപ്പെട്ട ഫ്‌ളൈദുബൈ എഫ്.സെഡ് 1073 (FZ1073) വിമാനത്തിലുണ്ടായ അടിയന്തര സുരക്ഷാ സംഭവത്തിലാണ് ക്യാപ്റ്റന്റെ സാഹസികമായ ഇടപെടൽ ശ്രദ്ധേയമായത്. വിമാനത്തിലെ അടിയന്തര സാഹചര്യം കാര്യക്ഷമമായി നിയന്ത്രണവിധേയമാക്കാൻ സഹായിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ, വിമാനത്തിലെ മറ്റ് ജീവനക്കാർ, സമയോചിതമായി സഹായിച്ച യാത്രക്കാർ എന്നിവരെ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തേ തന്നെ ഔദ്യോഗികമായി അഭിനന്ദിച്ചിരുന്നു. സംഭവത്തിന് ശേഷം സുരക്ഷിതമായി യു.എ.ഇയിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അദ്ദേഹം വിദഗ്ധ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles