തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാർബർ നിർമിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. വിഴിഞ്ഞത്തെയും പരിസരപ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള പ്രധാന ആവശ്യങ്ങളിലൊന്നിനാണ് ഇതോടെ ഔദ്യോഗികമായി വഴിതെളിഞ്ഞിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്ത് തന്നെയാണ് പുതിയ ഫിഷിങ് ഹാർബറും യാഥാർഥ്യമാകുന്നത്.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് ഈ പദ്ധതിയുടെ നിർമാണച്ചുമതല സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സമുദ്ര മേഖലയിൽ 235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും, 500 മീറ്റർ നീളത്തിൽ ‘L’ ആകൃതിയിലുള്ള ഫിഷറി ബെർത്തും നിർമിക്കും.
പുതിയ ഹാർബർ സജ്ജമാകുന്നതോടെ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകൾക്കും വള്ളങ്ങൾക്കും തടസ്സമില്ലാതെ സുരക്ഷിതമായി തീരത്ത് അടുപ്പിക്കുന്നതിനും സമുദ്രവിഭവങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും മികച്ച സൗകര്യമൊരുങ്ങും. കൂടാതെ കടുത്ത കടൽക്ഷോഭവും കാറ്റും ഉള്ള സമയങ്ങളിൽ മത്സ്യബന്ധന യാനങ്ങൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കാനും നാശനഷ്ടങ്ങൾ ഒഴിവാക്കാനും ഈ വികസനത്തിലൂടെ സാധിക്കും.



