മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

ജിദ്ദ: മലപ്പുറം “മത മൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാണ്” എന്ന തരത്തിൽ സിപിഎം മുൻ എംഎൽഎ പി. നന്ദകുമാർ നടത്തിയ പരാമർശത്തിനെതിരെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും മതേതര ഐക്യത്തിന്റെയും മാതൃകയായി നിലകൊള്ളുന്ന മലപ്പുറം ജില്ലയെ വർഗീയതയുടെ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സൈഫു വാഴയിൽ പ്രസ്താവനയിൽ പറഞ്ഞു.

വിവിധ മതവിഭാഗങ്ങളും സാമൂഹിക വിഭാഗങ്ങളും പരസ്പര സൗഹാർദ്ദത്തോടെ ജീവിക്കുന്ന മലപ്പുറത്തിന്റെ സാമൂഹിക യാഥാർഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും കമ്മിറ്റി വ്യക്തമാക്കി.

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിലും പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്റെ വളർച്ചയിലും മലപ്പുറം നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രവാസികളുടെ അധ്വാനവും നാടിന്റെ വികസനത്തിനായുള്ള അവരുടെ പങ്കാളിത്തവും മലപ്പുറത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ പ്രധാന ശക്തികളിലൊന്നാണ്.

മലപ്പുറത്തെ ഇകഴ്ത്തിക്കാണിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകൾ സമൂഹത്തിൽ അനാവശ്യമായ വിഭാഗീയതയും തെറ്റിദ്ധാരണയും സൃഷ്ടിക്കാനിടയാക്കുന്നതാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല.

മലപ്പുറത്തിന്റെ മതേതര പാരമ്പര്യത്തെയും സാമൂഹിക സൗഹാർദ്ദത്തെയും അപമാനിക്കുന്ന പ്രസ്താവന പി. നന്ദകുമാർ പിൻവലിക്കുകയും മലപ്പുറം ജനതയോട് മാപ്പ് പറയുകയും ചെയ്യണമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

 

Related Articles

- Advertisement -spot_img

Latest Articles