തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നടപ്പാക്കാൻ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും വിജയകരമായി പൂർത്തീകരിച്ചു. ശേഷിക്കുന്ന 20 പദ്ധതികളുടെ നിർമാണം 90 ശതമാനത്തിലധികം പൂർത്തിയായതായും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. പദ്ധതികളുടെ പുരോഗതി ജനങ്ങൾക്കും മാധ്യമങ്ങൾക്കും നേരിട്ട് അറിയുന്നതിനായി പ്രത്യേക ഡിജിറ്റൽ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഐ.ടി, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആരോഗ്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിലെ പ്രവർത്തനം വിലയിരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇ-ഫയലുകളും ഫിസിക്കൽ ഫയലുകളും സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത് നടക്കുക. നയപരമായ തീരുമാനങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽ തന്നെ വേഗത്തിൽ നടപടിയെടുക്കാനും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് പരിഹരിക്കാനും നടപടി സ്വീകരിക്കും.
അതേസമയം, എക്‌സാലോജിക് മാസപ്പടി കേസിൽ കോടതി വിധി അംഗീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള തുടർനടപടികളുമായി നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



