നെടുമ്പാശേരി മിനി കൂപ്പർ അപകടം: ഗോപികയുടെ പിതൃസഹോദരനെതിരെ നിയമനടപടിയുമായി കെ.പി. ശശികല

പാലക്കാട്: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെയും പിതൃസഹോദരൻ എം.എ.ആർ. അനിൽകുമാറിനെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. സംഘടനയുടെ തീരുമാനപ്രകാരവും അഭ്യുദയകാംക്ഷികളുടെ നിർബന്ധത്താലുമാണ് ഈ നടപടിയെന്ന് വ്യക്തമാക്കി അവർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. നെടുമ്പാശേരി അപകടത്തിൽ മരിച്ചവരെ ശശികല അപമാനിച്ചുവെന്നും, ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ എന്തിനാണ് പോയതെന്ന് അവർ ചോദിച്ചുവെന്നും ചൂണ്ടിക്കാട്ടി അനിൽകുമാറും ഗോപികയുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഈ ആരോപണങ്ങൾക്കെതിരെയാണ് ശശികല ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കേസ് വഴിതിരിച്ചുവിടാനുള്ള കറുത്ത അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ശശികല ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇന്നലെ രാവിലെ വരെ യഥാർത്ഥ പ്രതികളെയും അവരുടെ സ്ഥാപനങ്ങളെയും കുറിച്ചുള്ള വാർത്തകളായിരുന്നു മുഖ്യധാരയിൽ നിറഞ്ഞുനിന്നിരുന്നത് എന്നാൽ, കുടുംബം നടത്തിയ ഒറ്റ വാർത്താസമ്മേളനത്തോടെ ആ ശ്രദ്ധ മുഴുവൻ തനിക്കെതിരെയുള്ള വിവാദങ്ങളിലേക്ക് മാറ്റിയതായി അവർ കുറ്റപ്പെടുത്തി. താൻ അത്തരത്തിലൊരു പരാമർശമോ പോസ്റ്റോ നടത്തിയിട്ടില്ലെന്നും, എന്നാൽ ആരോ പറഞ്ഞുറപ്പിച്ച പ്രകാരം ചില സോഷ്യൽ മീഡിയ ഹാൻഡിലുകളും ഉത്തരവാദപ്പെട്ട മാധ്യമങ്ങളും ഈ തിരക്കഥയ്ക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും അവർ വിമർശിച്ചു.

ഈ അജണ്ടയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരും പണം മുടക്കിയവരും ആരൊക്കെയാണെന്ന് പുറത്തുകൊണ്ടുവരാൻ വേണ്ടി മാത്രമാണ് താൻ ഈ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് ശശികല വ്യക്തമാക്കി. കൊലയാളിയായ പ്രതിയോടുള്ള വൈരാഗ്യത്തേക്കാൾ കൂടുതൽ തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് ഒരു വലിയച്ഛൻ രംഗത്തുവരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles