ഫെയ്‌സ്ബുക്കിൽ എന്ത് കാണണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; കണ്ടന്റ് ക്രിയേറ്റർമാർക്ക് പൂട്ടുവീഴും

കോഴിക്കോട്: ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഫീഡും റീൽസും ക്രമീകരിക്കാൻ പുതിയ എഐ അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ‘യുവർ അൽഗോരിതം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് കാണേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ ഫെയ്‌സ്ബുക്കിനോട് നേരിട്ട് നിർദേശിക്കാൻ സാധിക്കും.

പോസ്റ്റുകൾക്ക് മുകളിലുള്ള ത്രീ-ഡോട്ട് മെനുവിലൂടെയാണ് പുതിയ ക്രമീകരണങ്ങൾ ലഭ്യമാകുക. വീഡിയോകളുടെയും ഫോട്ടോകളുടെയും മറ്റ് പോസ്റ്റുകളുടെയും വലതു വശത്ത് മുകളിൽ ആയി കാണുന്ന മൂന്ന് കുത്ത് അടയാളം ഞക്കുക. തുടർന്ന് വരുന്ന മെനുവിൽ ‘ഇൻ്ററസ്റ്റഡ്’ (താൽപര്യമുണ്ട്) അല്ലെങ്കിൽ ‘നോട്ട് ഇൻ്ററസ്റ്റഡ്’ (താൽപര്യമില്ല) എന്നതിൽ ക്ലിക്ക് ചെയ്താണ് ഇത് ഉപയോഗപെടുത്തുക. തിരഞ്ഞുടുപ്പിന്റെ അടിസ്ഥാനത്തിൽ അൽഗോരിതം  പ്രവർത്തിക്കുകയും  അനുയോജ്യമായ ഉള്ളടക്കങ്ങൾ ഫീഡിൽ മുന്നിലെത്തിക്കുകയും ചെയ്യും. ഇൻ്ററസ്റ്റഡ് തിരഞ്ഞെടുത്തവർക്ക് സമാന രീതിയിലുള്ള കൂടുതൽ പോസ്റ്റുകൾ വരുകയും നോട്ട് ഇൻ്ററസ്റ്റഡ് തിരഞ്ഞെടുത്തവർക്ക് അത്തരം പോസ്റ്റുകൾ വരാതിരിക്കുകയും ചെയ്യും.

ലളിതമായ വർത്തമാന സംഭാഷണ ശൈലിയിൽ നൽകുന്ന നിർദേശങ്ങൾ വരെ മനസ്സിലാക്കാൻ ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ മുൻഗണനകളും താല്പര്യങ്ങളും കൂടുതൽ വ്യക്തമായി തിരിച്ചറിഞ്ഞ്, അവർക്ക് അനുയോജ്യമായ വാർത്തകളും റീൽസുകളും അനുഭവങ്ങളും സമ്മാനിക്കുക എന്നതാണ് ഈ പുതിയ മാറ്റത്തിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്.

ഫെയ്‌സ്ബുക്കിന്റെ ഈ പുതിയ എഐ അൽഗോരിതം ഫീച്ചറിന്റെ വരവ് സോഷ്യൽ മീഡിയ ലോകത്തെ ഡിജിറ്റൽ പ്രമോഷൻ രംഗത്ത് വലിയ മാറ്റങ്ങൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ വിഷയാധിഷ്ഠിതമായി ഗുണനിലവാരമുള്ള കണ്ടന്റുകൾ സൃഷ്ടിക്കുന്നവർക്ക് കൂടുതൽ അനുയോജ്യരായ പ്രേക്ഷകരിലേക്ക് വേഗത്തിലെത്താൻ ഇത് അവസരമൊരുക്കുമ്പോൾ, വ്യാജ പ്രചാരണങ്ങൾക്കും ക്ലിക്ക് ബൈറ്റ് പോസ്റ്റുകൾക്കും റീച്ച് കുറയാൻ ഇത് കാരണമാകും. അനാവശ്യ പ്രമോഷനുകൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഒഴിവാക്കാനാകുമെന്നതിനാൽ, കൂടുതൽ സർഗ്ഗാത്മകവും ഉപഭോക്താക്കൾക്ക് ഉപകാരപ്രദവുമായ പ്രമോഷണൽ കണ്ടന്റുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles