ന്യൂഡൽഹി: കോടതികള്ക്ക് സമീപമുള്ള പ്രതിഷേധങ്ങള്ക്കും പ്രകടനങ്ങള്ക്കും നിയന്ത്രണം ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ്, തൃണമൂല് കോണ്ഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കള്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടികള് സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള് സംരക്ഷിക്കാനും കോടതി നിര്ദേശം നൽകിയിട്ടുണ്ട്.
ഒക്ടോബര് 12ന് പ്രതിപക്ഷ പാര്ട്ടികള് നടത്തിയ സുപ്രീംകോടതി മാര്ച്ചിന്റെ പശ്ചാത്തലത്തിലാണ് ഈ ഹർജികൾ കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുമായുള്ള വിഷയത്തിൽ നേരിട്ട് നിവേദനം നൽകണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധ മാർച്ച് നടന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്പ്പെട്ട ബെഞ്ചാണ് സമാന ആവശ്യങ്ങളുന്നയിച്ച ഹർജികളിൽ നോട്ടീസ് അയച്ചത്. കോടതിയെ ആര്ക്കും ഭയപ്പെടുത്താനാകില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് വാക്കാല് വ്യക്തമാക്കുകയും ചെയ്തു.
കോടതിയുടെ പരിസരം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ, പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രസ്താവനകളെക്കുറിച്ചും കോടതിക്ക് ബോ്ധമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. “ഞങ്ങള് ദന്തഗോപുരങ്ങളില് വസിക്കുന്നവരല്ല. പുറത്ത് എന്താണ് പറയുന്നതെന്നും കോടതിയില് എന്താണ് പറയുന്നതെന്നും ഞങ്ങള് അറിയുന്നുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം, കോടതിയലക്ഷ്യ നടപടികള് ആവശ്യപ്പെട്ടുള്ള ഹര്ജിയില് ഈ ഘട്ടത്തില് കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടില്ലെന്നും, മറ്റ് ആവശ്യങ്ങളില് മറുപടി നല്കാന് എതിർകക്ഷികളോട് നിര്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരായ പരാമര്ശങ്ങളുടെ പേരില് കോണ്ഗ്രസിന്റെ കേരള ഘടകത്തിനെതിരേയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.



