റിയാദ്: യെമനിലെ നിയമപരമായ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന മദീന മേഖലയ്ക്ക് മുകളിൽ വെച്ച് ഒരു ക്രൂസ് മിസൈൽ തകർത്തു വീഴ്ത്തിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യാഴാഴ്ച അറിയിച്ചു. നജ്റാൻ, ജിസാൻ നഗരങ്ങളിൽ നേരത്തെ പുറപ്പെടുവിച്ചിരുന്ന സുരക്ഷാ മുന്നണി ജാഗ്രതാ നിർദ്ദേശങ്ങൾ അപകടം ഒഴിഞ്ഞതായി വ്യക്തമാക്കി സഊദി സിവിൽ ഡിഫൻസ് പിൻവലിച്ചു. എങ്കിലും, തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ വിവരങ്ങളോ ചിത്രീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ കർശനമായി നിരോധിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അധികൃതർ ആവർത്തിച്ചു.
ഇതിനിടയിൽ, ബുധനാഴ്ച റിയാദിന് മുകളിൽ വെച്ച് തകർത്ത ഹൂതി ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു അറബ് വംശജനായ താമസക്കാരന് പരിക്കേൽക്കുകയും ഒരു വീടിനും വാഹനത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി റിയാദിന് മുകളിൽ സഊദി വ്യോമ പ്രതിരോധ സേന രണ്ട് ഹൂതി ക്രൂസ് മിസൈലുകൾ കൂടി തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്കേൽക്കുകയും 15-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു.



