റിയാദിൽ അന്തരിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ റിയാദിൽ നിര്യാതനായ തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാറിന്റെ (61) ഭൗതികശരീരം വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. റിയാദിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ മുടങ്ങിക്കിടക്കുന്നതിനാൽ, റോഡ് മാർഗം ജിദ്ദയിലെത്തിച്ച് ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈൻ വഴിയാണ് ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം അന്തരിച്ചത്. സിന്ധുവാണ് ഭാര്യ. ഡോ. ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ എന്നിവർ മക്കളാണ്.

റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളായ ജയൻ കൊടുങ്ങല്ലൂർ, നബീൽ അബ്ദുൽ ഖാദർ, കുഞ്ഞിമോൻ എന്നിവരും ചേർന്നാണ് ആവശ്യമായ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയത്.

അതേസമയം, റിയാദിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാകാത്തത് പ്രവാസി മലയാളി സമൂഹത്തിന് കടുത്ത പ്രതിസന്ധിയാവുകയാണ്. മൃതദേഹങ്ങൾ മറ്റ് വിദൂര നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് റോഡ് മാർഗം എത്തിക്കേണ്ടി വരുന്നത് സമയനഷ്ടത്തിനും വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴിവെക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഇത്തരം യാത്രകൾ കടുത്ത മാനസിക ആഘാതമാണ് നൽകുന്നത്. റിയാദിൽ നിന്നുള്ള കേരള സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Related Articles

- Advertisement -spot_img

Latest Articles