സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ; യാത്രക്കാർക്ക് പുതിയ അറിയിപ്പുമായി ഇന്ത്യൻ കോണ്‍സുലേറ്റ്

ജിദ്ദ : സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിൽ യാത്രക്കാർക്കായി കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിമാന സർവീസുകളുടെ വിവരങ്ങൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പുറത്തുവിട്ടു. വ്യോമയാന കമ്പനികളുമായി നടത്തിയ നിരന്തര ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ സർവീസുകൾ ലഭ്യമാക്കുന്നത്.

ഇതുപ്രകാരം ഫ്ലൈനാസ് ദമ്മാമിൽ നിന്ന് ലഖ്‌നൗ, മുംബൈ, ഡൽഹി, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് തിരഞ്ഞെടുത്ത തീയതികളിൽ ഡൽഹി, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്ന് സൗദിയിലെ വിമാനക്കമ്പനികൾ നേരിട്ടും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികൾ കണക്റ്റിങ് സർവീസുകൾ വഴിയും ഇന്ത്യയിലേക്ക് നിലവിൽ സർവീസ് നടത്തുന്നുണ്ട്.
വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങൾ കാരണം പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഉംറ തീർത്ഥാടകർക്കും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും വിവിധ എയർലൈനുകളുമായും സാമൂഹിക സംഘടനകളുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

പുതുതായി ലഭ്യമാക്കിയ യാത്രാസൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ടൂർ ഓപ്പറേറ്റർമാരോട് കോൺസുലേറ്റ് നിർദേശിച്ചു. വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമവും ബുക്കിംഗുകളും ഉറപ്പുവരുത്തേണ്ടതാണ്. അടിയന്തര സഹായങ്ങൾ ആവശ്യമായ ഇന്ത്യൻ പൗരന്മാർക്കായി ജിദ്ദയിലെയും മക്കയിലെയും കോൺസുലേറ്റിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സേവനങ്ങൾ ലഭ്യമാണ്.

Related Articles

- Advertisement -spot_img

Latest Articles