പാർസൽ കെണിയിൽപ്പെട്ട ഇന്ത്യക്കാരന് 20 വർഷം തടവ്: നിരപരാധിത്വം തെളിയിച്ച് മോചനം നേടിനൽകി കേളി

റിയാദ്: സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം കടയിലെത്തിയ പാർസൽ ഏറ്റുവാങ്ങി സൂക്ഷിച്ചതിന്റെ പേരിൽ സൗദിയിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി 20 വർഷത്തെ തടവുശിക്ഷ നേരിടേണ്ടി വന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷംസിന് ഒടുവിൽ മോചനം. കേളി കലാ സാംസ്കാരിക വേദിയുടെ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സൗദി കോടതി ഷംസിനെ നിരപരാധിയെന്ന് കണ്ട് വെറുതെവിട്ടത്. പാർസലുകൾ അനാലോചിതമായി ഏറ്റുവാങ്ങുന്നത് പ്രവാസികളെ എങ്ങനെ ഗുരുതരമായ നിയമക്കുരുക്കുകളിൽ ചാടിക്കാം എന്നതിൻ്റെ വലിയൊരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

അൽഖർജ് മേഖലയിൽ പ്രവാസി വ്യവസായിയായ പിതാവും മകനും ചേർന്ന് നടത്തുന്ന വക്കാലയിലായിരുന്നു (സ്റ്റോർ) സംഭവം. കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയായ ഷംസിനെ ഫോണിൽ ബന്ധപ്പെട്ട സ്പോൺസറുടെ മകൻ, കടയ്ക്ക് മുന്നിലെത്തുന്ന വാഹനത്തിൽ നിന്നുള്ള സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ മകനോടുള്ള വിശ്വാസത്തിൽ ഷംസും സഹപ്രവർത്തകനും ചേർന്ന് പാർസൽ ഏറ്റുവാങ്ങി കടയ്ക്കുള്ളിൽ വെച്ചു. എന്നാൽ നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ സി.ഐ.ഡി സംഘം നടത്തിയ പരിശോധനയിൽ പാർസലിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്പോൺസറുടെ ഇളയ മകനാണ് ഇവരെ വിളിച്ചതെന്നും ഇയാളുടെ വീട്ടിൽ നിന്നും സമാനമായ വസ്തുക്കൾ കണ്ടെത്തിയതായും വ്യക്തമായി. എങ്കിലും കടയിൽ നിന്ന് സാധനങ്ങൾ പിടികൂടിയതിനാൽ കോടതി ഷംസിന് 20 വർഷത്തെ കഠിനതടവ് വിധിക്കുകയായിരുന്നു. ഇതോടെ നാട്ടിലായിരുന്ന ഷംസിന്റെ പിതാവ് അൻസാരി സൗദിയിലെത്തി കേളി കലാ സാംസ്കാരിക വേദിയുടെ സഹായം തേടി. കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വഴി നിയമനടപടികൾ ആരംഭിക്കുകയും പ്രമുഖ അഭിഭാഷകൻ മുഖേന പ്രധാന കോടതിയിൽ ഹർജി നൽകുകയുമായിരുന്നു. നാല് മാസം നീണ്ട വിചാരണയ്ക്കൊടുവിൽ ഷംസിന്റെ നിരപരാധിത്വം പൂർണ്ണമായും ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ തടവിൽ നിന്നും പൂർണ്ണമായി മോചിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles