റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രവിശ്യകളിലും ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മിന്നൽ പ്രളയത്തിനും (Flash floods) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്. സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും, താഴ്വരകൾ, വാദികൾ, വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന മേഖലകൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മക്ക, റിയാദ്, ജിസാൻ, അസീർ, അൽ ബഹ, മദീന, ഹായിൽ, അൽ ഖസീം, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യകൾ, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്കയിലും റിയാദിലെ വിവിധ ഗവർണറേറ്റുകളിലും വെള്ളപ്പൊക്കത്തിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് നവംബർ മാസം സാധാരണയായി മഴ കൂടുതൽ ലഭിക്കുന്ന സമയമാണെന്നും, ഈ സീസണിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ കനത്ത പ്രളയത്തിന് കാരണമായേക്കാമെന്നും എൻ.സി.എം വ്യക്തമാക്കി. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



