കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതി പത്ത് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഡൽഹി സ്വദേശിയായ അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ ഡൽഹി സ്വദേശിനികൾ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ പിടികൂടിയിരുന്നു.
2016-ലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വസ്ത്ര വ്യാപാരികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞാമിന താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വാടക വീട്ടിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. തുടർന്ന് കുഞ്ഞാമിനയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച സംഘം, 2016 ഏപ്രിൽ 30-ന് ഇവരെ കഴുത്തിനും നെഞ്ചത്തും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം കുഞ്ഞാമിനയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും ഒരു വളയും പണവും കവർന്ന പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.



