മനാമ: ബഹ്റൈന് നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങളും അവ മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ച നടത്തി.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച മാർക്കോ റൂബിയോ, ബഹ്റൈന്റെയും ഗൾഫിലെ മറ്റ് സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ ഈ നിലപാടെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. തുടർച്ചയായുള്ള ഇറാനിയൻ ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



