ആലപ്പുഴ: മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ പരിശോധനയില്‍ കിട്ടിയെന്ന് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്പലപ്പുഴയില്‍ നിന്നാണ് കൊലപാതക സംബന്ധിച്ച വിവരങ്ങൾ പോലീസിന് കിട്ടിയത്. 2008-2009 കാലഘട്ടത്തിലാണ് മാന്നാറില്‍ നിന്ന് കലയെ കാണാതായത്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ് പി പറഞ്ഞു. ഇപ്പോൾ അനിൽ ഇസ്‌റാഈലിലാണുള്ളത്. അനിലിനെ നാട്ടില്‍ എത്തിക്കാൻ ശ്രമിക്കുമെന്നും എസ് പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. ചെന്നിത്തല രണ്ടാം വാര്‍ഡ് പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്റെ മകള്‍ കല (36) യാണ് കൊല്ലപ്പെട്ടത്. ചെന്നിത്തല ഇരമത്തൂര്‍ കിഴക്ക് മൂന്നാം വാര്‍ഡില്‍ കണ്ണമ്പള്ളില്‍ അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. 15 വര്‍ഷം മുമ്പ് കലയെ കാണാതായതായി അനിലിന്റെ പിതാവ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണം നടന്നിരുന്നില്ല.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അനിലിന്റെ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കിലാണ് കലയെ കൊന്ന് കുഴിച്ച് മൂടിയതെന്ന വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. അതടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചു. മൂന്ന് ടാങ്കുകളിൽ രണ്ടാമത്തെ ടാങ്കില്‍ നിന്നാണ് എല്ലിന്റെ അവശിഷ്ടവും തലയില്‍ കുത്തുന്ന ഒരു ക്ലിപ്പും ലഭിച്ചത്. 15 വര്‍ഷങ്ങള്‍ പഴക്കമുള്ളതിനാൽ മൃതദേഹത്തിന്റെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ വെന്ന് അന്വേഷണ സംഘം അറിയിച്ചു. ടാങ്കിൽ എന്തെങ്കിലും രീതിയിലുളള കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവില്ലെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കലയെ കാറില്‍ കയറ്റി കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ശേഷം അനിലിന്റെ വീടിന് ചാരെയുള്ള സെപ്റ്റിക് ടാങ്കില്‍ മൂടിയെന്നാണ് കസ്റ്റഡിയിലുള്ളവരിൽ നിന്നും പോലീസിന് ലഭിച്ച മൊഴിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരി ഭര്‍ത്താവ് സോമരാജന്‍, ബന്ധുക്കളായ ജിനു ഗോപി, സന്തോഷ് ശാരദാലയം, പ്രമോദ്, സുരേഷ് കുമാര്‍ തുടങ്ങിയ വരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.



