രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് ബലാത്സംഗ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, വഞ്ചന, ഭീഷണിപ്പെടുത്തൽ, ശാരീരിക ഉപദ്രവം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് കരട് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ലീഗൽ ഓഫീസറുടെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അവസാനമായി രജിസ്റ്റർ ചെയ്ത, തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, ആദ്യ രണ്ട് കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ മാസങ്ങളോളം സമയമെടുത്തു. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു എന്നതാണ് ആദ്യ കേസ്.

ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണിപ്പെടുത്തൽ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ഈ കേസിലെ കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ബലാത്സംഗത്തിന് പുറമെ വഞ്ചന, ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങളും ഈ കേസിൽ ചുമത്തിയിട്ടുണ്ട്.

എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിച്ചത്. സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ച് ചുമതല ഒഴിയുന്നതിന് തൊട്ടുമുൻപാണ് ജി. പൂങ്കുഴലി കരട് കുറ്റപത്രം പരിശോധിച്ച് അംഗീകാരം നൽകിയത്. തുടർന്നാണ് നിയമോപദേശത്തിനായി രേഖകൾ ക്രൈം ബ്രാഞ്ച് ലീഗൽ ഓഫീസർക്ക് കൈമാറിയത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ വകുപ്പുകളിലും പ്രതിപ്പട്ടികയിലും തീരുമാനമെടുക്കുക.

Related Articles

- Advertisement -spot_img

Latest Articles