റോഡുകളുടെ 20 വർഷത്തെ ഈട് മുൻകൂട്ടി പരിശോധിക്കാൻ ‘ഹെവി വെഹിക്കിൾ സിമുലേറ്ററുമായി’ സൗദി അറേബ്യ

റിയാദ്: യഥാർത്ഥ സാഹചര്യങ്ങളിൽ റോഡുകളുടെ ഈടും പ്രവർത്തനക്ഷമതയും 20 വർഷത്തെ സേവനകാലയളവിന് തുല്യമായി വിലയിരുത്തുന്നതിന് അത്യാധുനിക ‘ഹെവി വെഹിക്കിൾ സിമുലേറ്റർ’ ഉപയോഗിക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ് (RGA) അറിയിച്ചു.

അതോറിറ്റിയുടെ റോഡ് ലബോറട്ടറിയിൽ സ്ഥാപിച്ചിട്ടുള്ള ഈ സിമുലേറ്റർ, നിയന്ത്രിത സാഹചര്യങ്ങളിൽ ഒരു മാതൃകാ റോഡ് ഭാഗത്ത് ഗതാഗത ഭാരം, കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ അവസ്ഥകൾ, നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം എന്നിവ കൃത്രിമമായി സൃഷ്ടിക്കുന്നു. ഇതിലൂടെ രണ്ട് ദശാബ്ദക്കാലത്തെ ഉപയോഗം കൊണ്ട് റോഡിനുണ്ടാകാവുന്ന തേയ്മാനവും മാറ്റങ്ങളും ഗവേഷകർക്ക് മുൻകൂട്ടി വിലയിരുത്താൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റോഡിന്റെ പ്രകടനം പ്രവചിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും, ഇത് ചെലവ് കുറയ്ക്കാനും പരിസ്ഥിതി-സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഉപകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

ഗൾഫ് മേഖലയിലും മിഡിൽ ഈസ്റ്റിലും ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്. കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെ 24 മണിക്കൂറിനുള്ളിൽ ഇരുദിശകളിലുമായി 26,000 തവണ ഭാരം കയറ്റിയിറക്കി (Loading cycles) പരിശോധന നടത്താൻ ശേഷിയുള്ള ഓട്ടോമേറ്റഡ് മെക്കാനിസമാണ് ഇതിലുള്ളത്. 15 ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ പ്രവർത്തിക്കാൻ ഈ സിമുലേറ്ററിന് സാധിക്കും.

താപനില, മർദ്ദം, സമ്മർദ്ദം (Stress), ആയാസം (Strain) തുടങ്ങിയ പ്രധാന ഘടകങ്ങൾ രേഖപ്പെടുത്തുന്ന കൃത്യതയാർന്ന സെൻസറുകൾ ഉൾപ്പെടെയുള്ള ഓട്ടോമേറ്റഡ് നിരീക്ഷണ-അളവെടുപ്പ് ഉപകരണങ്ങൾ ലബോറട്ടറി സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനാ വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ തുടർച്ചയായി കൺട്രോൾ യൂണിറ്റിലേക്ക് കൈമാറുകയും, വിദഗ്ധരായ സാങ്കേതിക സംഘം അവ വിശകലനം ചെയ്ത് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

വിവിധ തരത്തിലുള്ള ഗതാഗത തിരക്കുകൾ, വരണ്ടതും മഴയുള്ളതുമായ കാലാവസ്ഥകൾ, ഉപ്പുപാടങ്ങൾ (Sabkha) ഉൾപ്പെടെയുള്ള വ്യത്യസ്ത ഭൂപ്രകൃതികളിൽ ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികൾ എന്നിവയെല്ലാം ഈ സിമുലേറ്ററിൽ പരീക്ഷിക്കാൻ കഴിയും. 2030-ഓടെ റോഡ് സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, ആഗോള റോഡ് ഗുണനിലവാര സൂചികയിൽ സൗദി അറേബ്യയെ ആറാം സ്ഥാനത്തേക്ക് ഉയർത്തുക, ഒരു ലക്ഷം പേരിൽ റോഡപകട മരണനിരക്ക് അഞ്ചിൽ താഴെയായി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന രാജ്യത്തിന്റെ റോഡ് മേഖല വികസന പദ്ധതിക്ക് ഈ സംരംഭം വലിയ കരുത്തേകും.

Related Articles

- Advertisement -spot_img

Latest Articles