ഹായിൽ: ഹായിലിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനും സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ബഷീർ ഹാജി നല്ലളം മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങി. മുപ്പത് വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിലെത്തിയ അദ്ദേഹം റിയാദിലെയും അൽ ഖസീമിലെയും പ്രവാസ ജീവിതത്തിന് ശേഷമാണ് ജോലി ആവശ്യാർത്ഥം ഹായിലിലെത്തിയത്. ഹായിൽ അദ്ദേഹത്തിന് കേവലം തൊഴിലിടം മാത്രമായിരുന്നില്ല; ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങൾ പൂർണ്ണമായും സാമൂഹിക-ജീവ കാരുണ്യ സേവന പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹം വിനിയോഗിച്ചത്.
ഐ.സി.എഫിന്റെ (ICF) സജീവ പ്രവർത്തകനായും വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും അദ്ദേഹം സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രവർത്തന മികവും സേവന സന്നദ്ധതയും സൗദി അറേബ്യയിലെ വിവിധ സംഘടനാ-സ്ഥാപന കമ്മിറ്റികളുടെ മുഖ്യസ്ഥാനങ്ങളിൽ അദ്ദേഹത്തെ എത്തിച്ചു. മുപ്പത് വർഷത്തെ പ്രവാസത്തിനിടയിൽ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് ജീവകാരുണ്യ സംരംഭങ്ങൾക്കും അകമഴിഞ്ഞ പിന്തുണ നൽകിയ ബഷീർ ഹാജി, മർകസ് സൗദി ഈസ്റ്റ് നാഷണൽ കമ്മിറ്റിയുടെ ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു.
പ്രയാസപ്പെടുന്ന നിരവധി ആളുകൾക്ക് സഹായഹസ്തം നീട്ടി കാരുണ്യ പ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹത്തിന് ഹായിലിലെ പ്രവാസി സമൂഹം ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങളുടെ ചാരിതാർത്ഥ്യത്തോടെ മടങ്ങുന്ന ബഷീർ ഹാജിക്ക്, ഐ.സി.എഫ് ഹായിൽ റീജിയൻ കമ്മിറ്റിയുടെയും മർകസ്, സഅദിയ്യ, മഅ്ദിൻ, സിറാജുൽ ഹുദാ, ആർ.എസ്.സി തുടങ്ങിയ വിവിധ സ്ഥാപന കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ഹായിലിലെ മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
റിപ്പോർട്ട്: അഫ്സൽ കായംകുളം



