‘കൊലവിളി നടത്തിയാൽ കൈയുംകെട്ടി നിൽക്കില്ല, ട്രാക്ക് വിട്ടാൽ കർശന നടപടി’: കെ. മുരളീധരൻ

കണ്ണൂർ: കൊലവിളി നടത്തിയാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും, ട്രാക്ക് വിട്ട് സഞ്ചരിച്ചാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ. മുരളീധരൻ. സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമവും കൊലവിളിയും കാരണമാണ് നിലവിലെ സീറ്റ് പോലും ആ പാർട്ടിക്ക് കൈവിട്ടുപോയതെന്ന് മുരളീധരൻ പറഞ്ഞു. ജെൻസി (Gen Z) കാലഘട്ടത്തിൽ ഇതൊക്കെ വിലപ്പോകാത്ത മുദ്രാവാക്യങ്ങളാണ്. ഇത്തരം മുദ്രാവാക്യങ്ങൾ ആ പാർട്ടിയെ കൂടുതൽ നാശത്തിലേക്ക് മാത്രമേ നയിക്കൂ. കൊലവിളി നടത്തിയാൽ കൈയുംകെട്ടി നിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളത്. എന്തെങ്കിലും ട്രാക്ക് വിട്ട് സഞ്ചരിച്ചാൽ കർശന നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾ പഴയകാലത്തെ തുരുമ്പിച്ച കാര്യങ്ങളാണ്. ‘കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല, കോടതി വെറുതെ വിട്ടവർ ഇന്ന് ഈ ഭൂമിയിലില്ല’ എന്നൊക്കെയുള്ള വാദങ്ങളുടെ കാലം കഴിഞ്ഞുപോയതാണ്. ആരാച്ചാരുടെ ചുമതലയൊന്നും ആർക്കും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സിപിഎം നേതാക്കളും എംപിമാരുമടക്കം വിവിധ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. വിധി ശരിയല്ലെന്നും വിധിയെയും ജഡ്ജിയെയും ചോദ്യം ചെയ്യുന്ന രീതിയിലുമാണ് കാര്യങ്ങൾ പോകുന്നത്. അരിയിൽ ഷുക്കൂർ വധക്കേസിലെ വിധിയിൽ തങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് ജഡ്ജിയെ ചീത്തവിളിക്കലാണോ വേണ്ടത്? യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും ദുഃഖം നൽകിയ വിധിയാണ് അരിയിൽ ഷുക്കൂർ വധക്കേസിലുണ്ടായത്. കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. പക്ഷേ ഈ നാട്ടിൽ നിയമവും നീതിയുമൊക്കെയുണ്ട്. എല്ലാം നമ്മൾ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. ഇതെല്ലാം ആ പാർട്ടിയുടെ നാശത്തിലേക്ക് മാത്രമേ നയിക്കൂ.

ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തത്വം അദ്ദേഹത്തിനു മാത്രമേ മനസ്സിലാകൂ. സിപിഎം പ്രവർത്തകർക്കുപോലും അത് മനസ്സിലാകില്ലെന്നും മുരളീധരൻ പരിഹസിച്ചു. രണ്ടു കേസുകളിലും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് കാരണം. ഒരു ചെറുപ്പക്കാരനെ നടുറോഡിൽ തല്ലിക്കൊന്ന കേസിലെ വിധിയിൽ യുഡിഎഫിന് ദുഃഖമുണ്ടെങ്കിലും കോടതിയോട് ബഹുമാനമില്ലാതെ പെരുമാറാനാകുമോ എന്നും, അത് ജനാധിപത്യമാണോ എന്നും മന്ത്രി ചോദിച്ചു.

ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പയ്യന്നൂരിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ പരിപാടിയിലാണ് ടി.ഐ. മധുസൂദനൻ വിവാദ പ്രസംഗം നടത്തിയത്. ‘കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് ഒരു മടിയുമില്ല’ എന്നായിരുന്നു മധുസൂദനന്റെ വാക്കുകൾ. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യം. ജഡ്ജിക്ക് തണുപ്പിലിരുന്ന് ആ കവിതകളൊക്കെ ഉദ്ധരിക്കാം. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇങ്ങനെ തടവും ശിക്ഷയും കൊടുത്ത് ഇല്ലാതാക്കാമെന്ന സങ്കൽപ്പമോടിയിൽ സഞ്ചരിക്കാം. ഭരണകൂട താത്പര്യത്തിനുവേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്തുകയെന്ന നയം തന്നെയാണ് ഈ ഭരണകൂടത്തിന്റെ ഭാഗമായുള്ള ജുഡീഷ്യറിയും നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ധനരാജിന്റെ വീടിന് തൊട്ടുമുന്നിലുള്ള സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ ആളാണ് സംഭവത്തിന്റെ ദൃക്‌സാക്ഷിയും ഒന്നാം സാക്ഷിയും. അദ്ദേഹം പറഞ്ഞത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതുകൊണ്ട് അംഗീകരിക്കാനാകില്ലെന്നാണ് കോടതി പറയുന്നത്. എന്നാൽ കോടതികളും ഭരണകൂട സംവിധാനങ്ങളും പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ചുപേരെ ചുട്ടുകരിച്ച് കൊന്ന ചീമേനി സംഭവത്തിൽ ഒരു കോടതിയും ആരെയും ശിക്ഷിച്ചിട്ടില്ല. പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ നിലനിൽക്കുന്നില്ലെന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണെന്നും ടി.ഐ. മധുസൂദനൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Related Articles

- Advertisement -spot_img

Latest Articles