ജിദ്ദ: നോർക്ക പ്രിവിലേജ് കാർഡ് എൻ.ആർ.ഐ (NRI) സർട്ടിഫിക്കറ്റിന് പകരമായി അംഗീകരിക്കണമെന്ന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി ആവശ്യപ്പെട്ടു. വള്ളിക്കുന്ന് മണ്ഡലം എം.എൽ.എയും മുസ്ലിം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറിയുമായ ടി.വി. ഇബ്രാഹിമിന് നൽകിയ നിവേദനത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് പകരമായി നോർക്ക കാർഡിനെ ഒരു ഔദ്യോഗിക പ്രവാസി പ്രിവിലേജ് കാർഡായി പ്രഖ്യാപിച്ചാൽ അത് സർക്കാർ പ്രവാസികൾക്ക് നൽകുന്ന ഏറ്റവും വലിയ സഹായമായിരിക്കുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
നിലവിൽ ഒരു എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിവിധ രാജ്യങ്ങളിലുള്ള എംബസികളെയോ കോൺസുലേറ്റുകളെയോ സമീപിക്കേണ്ടതുണ്ട്. ഇതിനായി ഫീസിന് പുറമെ ദിവസങ്ങളോളം യാത്രാക്ലേശം അനുഭവിച്ച് അപേക്ഷ സമർപ്പിക്കുകയും ആഴ്ചകളോളം കാത്തിരിക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കുകൾ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിലും എൻ.ആർ.ഐ ക്വാട്ടയിലുള്ള ആനുകൂല്യങ്ങൾക്ക് നിലവിൽ എൻ.ആർ.ഐ സർട്ടിഫിക്കറ്റാണ് മാനദണ്ഡമാക്കുന്നത്. ഇതിന് പകരം നോർക്ക കാർഡ് മാനദണ്ഡമാക്കിയാൽ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും, മുഴുവൻ പ്രവാസികളും നോർക്കയിൽ അംഗത്വമെടുക്കാൻ ഇത് പ്രചോദനമാകുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഇതിനുപുറമെ പ്രവാസി പെൻഷൻ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ്, പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്നങ്ങൾ എന്നിവയും കെ.എം.സി.സി ഭാരവാഹികൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉന്നയിച്ച വിഷയങ്ങൾ അടിയന്തര പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ ഉറപ്പുനൽകി.
ശറഫിയ എല്ലാറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ആലങ്ങാടൻ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാരങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്തു. മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ജലീൽ മുണ്ടോടൻ, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ കെ.കെ. മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് റഹ്മത്തലി എരഞ്ഞിക്കൽ, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, മുനിസിപ്പൽ ചെയർമാൻ യൂസഫ് കോട്ട, ജാഫർ അത്താണി, ശറഫു ഒഴുകൂർ, പൂന്തല ബീരാൻ ഹാജി, ഹസ്സൻ കൊണ്ടോട്ടി, ജംഷിബാവ കാരി, കബീർ നീറാട്, പി.സി. അബൂബക്കർ, അബ്ദുൽ മജീദ്, ബാദ്ഷ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നെയ്യൻ നിഷാദ് സ്വാഗതവും സൈനു കാരി നന്ദിയും പറഞ്ഞു.



