ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാവുന്നു. ജിരിബാം ജില്ലയിലെ മൂന്നുപേരുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് ശനിയാഴ്‌ച ഇംഫാലിൽ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎ മാരുടെയും വീടുകൾക്ക് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. ജനപ്രതിനിധികളുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനത്തുൾപ്പടെ പ്രധാനസ്ഥലങ്ങളിൽ ഇന്റർനെറ്റ് മൊബൈൽ ഡാറ്റ സേവനങ്ങൾ അധികൃതർ നിർത്തിവെച്ചിരിക്കുകയാണ്.
പൊതു വിതരണ മന്ത്രി എൻ സുശീന്ദ്രോ സിംഗിന്റെയും ആരോഗ്യമന്ത്രി സപം രഞ്ജന്റെയും വീടുകളിലേക്ക് പ്രക്ഷോപകർ ഇരച്ചു കയറിയതായി ദേശീയമാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ പ്രക്ഷോപകർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന്റ മരുമകനും നിയമസഭാ അംഗം കൂടിയായ ആർ കെ ഇമോയുടെ വസതിക്ക് മുന്നിൽ തടിച്ചു കൂടി. സംഘർഷത്തിൽ സർക്കാർ മറുപടി പറയണമെന്നും മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.
കൂകി മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അനിയന്ത്രിതമായി തുടർന്ന് പോവുന്ന സഹസാഹര്യമാണ് മണിപ്പൂരിലുള്ളത്. മണിപ്പൂർ-അസം അതിർത്തിയിൽ കൈകുഞ്ഞുൾപ്പടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ജിരിബാമിൽ ഒരു ഗ്രാമത്തിൽ നിന്നും ആറ് പേരെ തട്ടിക്കൊണ്ടുപോയി ഒരാഴ്‌ച കഴിഞ്ഞാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നു. തട്ടിക്കൊണ്ടു പോയ സ്ഥലത്തുനിന്നും 15 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഏറ്റുമുട്ടലുകൾ നടന്ന സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്‌ച 13 പേരെയാണ് കാണാതായത്. ഇതിൽ അഞ്ചുപേരെ കണ്ടെത്തിയിരുന്നു. കാണാതായവരെ കൂക്കി സായുധ സംഘം തട്ടി കൊണ്ടുപോയതെന്നാണ് മെയ്തി വിഭാഗം ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് 13 പൗരാവകാശ സംഘടനകൾ ചേർന്ന് ഇംഫാൽ താഴ്വരയിലെ അഞ്ചു ജില്ലകളിൽ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. മേഖലകളിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ 10 കൂകി ആയുധധാരികളെ സായുധ സേന വധിച്ചതായി പോലീസ് അറിയിച്ചിരുന്നു.



