17.8 C
Saudi Arabia
Tuesday, February 24, 2026
spot_img

നടുക്കുന്ന ഓർമ്മകളുടെ രാമേശ്വരം പാമ്പൻ പാലം, കടലുണ്ടിയിലെ വെള്ളോടത്തിൽ തറവാട്ടുകാർക്കത് അഭിമാനത്തിന്റെയും പാലം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പാമ്പൻ പാലത്തിലൂടെ തീവണ്ടി കുതിച്ചു പായുമ്പോൾ, കടലുണ്ടിയിലെ വെള്ളോടത്തിൽ തറവാട്ടുകാർക്ക് അത് നടുക്കുന്ന ഓർമ്മകളുടെയും, ആ ഓർമ്മകൾ സമ്മാനിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിൽ പുതിയ തലമുറക്ക് പങ്കാളിത്തമുള്ളതിന്റെ അഭിമാനത്തിന്റെയും സമ്മിശ്ര വികാരമാണ് നൽകുന്നത്.

രാമേശ്വരം പാലത്തിലൂടെ കടന്നുപോയ പാസഞ്ചർ തീവണ്ടിയെയും അതിലെ യാത്രക്കാരെയും ചുഴലിക്കാറ്റിൽ എടുത്തെറിഞ്ഞപ്പോൾ, പാലത്തിന്റെ ഒരു തൂണിൽ പിടിച്ചു തൂങ്ങിക്കിടന്ന വെള്ളോടത്തിൽ അബ്ദുള്ള കോയ ബി ആർ ഐയുടെ ജീവിതമാണ് ആ നടുക്കുന്ന ഓർമ്മകൾക്ക് പിന്നിൽ. എന്നാൽ അമേരിക്കയിലെ ഗോൾഡൻ ഗേറ്റ് പാലത്തിനോടും ബ്രിട്ടനിലെ ടവർ പാലത്തിനോടും താരതമ്യം ചെയ്യാവുന്ന പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ പേരമകൻ ഷാജഹാന്റെ വഹിച്ച പങ്കാളിത്തമാണ് അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നത്.

കപ്പലുകൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കി പകുതിയായി പകുത്ത് മാറ്റാൻ കഴിയുന്ന രീതിയിൽ, 2345 മീറ്റർ നീളമുള്ള പാമ്പൻ പാലം രാജ്യത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കപ്പലുകൾ വരുമ്പോൾ പ്രത്യേകതരം വിഞ്ച് ഉപയോഗിച്ച് പാലത്തിന്റെ ഇരുവശത്തേക്കും ഉയർത്തിവെച്ച്, അതിലൂടെ കപ്പലുകളെ കടത്തിവിടുന്ന സംവിധാനമാണിത്. ഇന്ത്യ കണ്ട എക്കാലത്തെയും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ രാമേശ്വരം ചുഴലിക്കാറ്റിൽ (ധനുഷ്കോടി ചുഴലിക്കാറ്റ് എന്നും അറിയപ്പെടുന്നു) പാലത്തിന്റെ 136 തൂണുകളിൽ നടുവിലുള്ളവ ഒഴികെ മറ്റെല്ലാം ഒലിച്ചുപോയിരുന്നു. ബാക്കിയായ തൂണുകളിലൊന്നിൽ പതറാതെ പിടിച്ചുനിന്ന്, സാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുള്ള കോയയുടെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകന്റെയും അതിജീവന കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു സ്റ്റേഷന് സമാനമായ രീതിയിൽ പാമ്പൻ പാലത്തിന്റെ നടുവിലുള്ള ഓഫീസിൽ, ബ്രിഡ്ജ് ഓപ്പറേറ്റർമാരായി ജോലി ചെയ്തിരുന്നത് അബ്ദുള്ള കോയ, അദ്ദേഹത്തിന്റെ അനുജൻ അബ്ദുൾ റഹ്‌മാൻ, ചാലിയം പോസ്റ്റോഫീസിലെ പോസ്റ്റ്മാസ്റ്ററുടെ മകൻ രാമചന്ദ്രൻ, ചാലിയം വലിയകത്ത് ഇസ്മായിൽ കുട്ടി എന്ന കോതീയിൽ ബിആർഐ ബാകാക്ക എന്നിവരായിരുന്നു. ധനുഷ്കോടിയിൽ നിന്നോ മണ്ഡപം ഭാഗത്തുനിന്നോ വരുന്ന തീവണ്ടികൾക്ക് പാലത്തിലൂടെ കടന്നുപോകാനുള്ള അനുമതി നൽകുകയായിരുന്നു ഇവരുടെ പ്രധാന ഉത്തരവാദിത്തം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അക്കാലത്ത് പാമ്പൻ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം നിയന്ത്രിച്ചിരുന്നത് കടലുണ്ടിക്കാർ ആയിരുന്നു എന്ന് സാരം.

ചുഴലിക്കാറ്റ് ധനുഷ്കോടിയിൽ നാശം വിതച്ച 1964 ഡിസംബർ 22-ന് രാത്രി ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നത് അനിയൻ അബ്ദുൾ റഹ്‌മാനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം അബ്ദുള്ള കോയ പകരം ജോലിക്ക് പോവുകയായിരുന്നു. കാലാവസ്ഥ മോശമായതിനാൽ എട്ടുമണിക്ക് കടന്നുപോകേണ്ട പാമ്പൻ – ധനുഷ്കോടി ട്രെയിനിന് പതുക്കെ പോകാൻ നിർദ്ദേശം നൽകി യാത്രയാക്കിയ രാമചന്ദ്രനിൽ നിന്ന് പാലത്തിന്റെ നിയന്ത്രണം ഏറ്റെടുത്താണ് അബ്ദുള്ള കോയ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത്.

രാത്രി പത്തുമണിവരെ ശാന്തമായിരുന്ന കാലാവസ്ഥ പെട്ടെന്ന് മാറി ശക്തമായ കാറ്റുവീശാൻ തുടങ്ങി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയുണ്ടായിരുന്ന കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ തിരമാലകൾ അടിക്കാൻ തുടങ്ങി. അപകടം മനസ്സിലാക്കിയ അബ്ദുള്ള കോയ, സഹപ്രവർത്തകനോട് കൺട്രോൾ റൂമിൽ നിന്ന് പുറത്തുവന്ന് തൊട്ടടുത്തുള്ള തൂണിൽ പിടിച്ചിരിക്കാൻ ആവശ്യപ്പെട്ടു. വെള്ളത്തിന്റെ നിരപ്പ് ഉയർന്നുവരുന്നതിനനുസരിച്ച് അവർ ബീമുകളിലേക്ക് കയറിനിന്ന് സുരക്ഷിതരായി. ഒരു രാത്രി മുഴുവൻ പാലത്തിന്റെ തൂണിൽ പിടിച്ചിരുന്ന് അവർ നേരം വെളുപ്പിച്ചു.

തലേദിവസത്തെ കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ ഒരാളുടെ ശ്രദ്ധയിൽ, തൂണിന് മുകളിൽ നിന്ന് ഒരു വെളുത്ത തുണി വീശുന്നത് പെട്ടതിനാലാണ് ഇരുവർക്കും ജീവൻ തിരിച്ചുകിട്ടിയത്. ‘കോയാ തമ്പികൾ’ എന്ന് അറിയപ്പെട്ടിരുന്ന വെള്ളോടത്തിൽ സഹോദരങ്ങളിൽ ആരെങ്കിലുമാകുമെന്ന് ഉറപ്പുണ്ടായിരുന്ന പാമ്പൻ പ്രദേശവാസികളായ കടൽ തൊഴിലാളികൾ, പോർട്ട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബോട്ടുകളിൽ പോയി അവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്നു.

റെയിൽവേയിൽ സ്രാങ്ക് തസ്‌തികയിൽ ജോലി ചെയ്തിരുന്ന പിതാവ് അഹമ്മദ് കോയ മൂപ്പന്റെ പാതയിൽ റെയിൽവേയിൽ എത്തിയ അബ്ദുള്ള കോയയും അബ്ദുൽ റഹ്മാനും കൂടാതെ ക്രെയിൻ ഇൻസ്പെക്ടറായിരുന്ന കുഞ്ഞാലി കുട്ടിയും അടങ്ങിയ വെള്ളോടത്തിൽ കുടുംബം ഒരു റെയിൽവേ കുടുംബം തന്നെയാണ്. അബ്ദുള്ള കോയ ചീഫ് ബി ആർ ഐ സ്ഥനത്ത് നിന്ന് വിരമിച്ചപ്പോൾ ആ പദവിയിലേക്ക് അനുജൻ അബ്ദുൾ റഹ്‌മാൻ ആയിരുന്നു നിയമിതനായത് എന്നത് റെയിൽവേയുടെ ചരിത്രത്തിലെ തന്നെ വേറിട്ടൊരു സംഭവമാണ്. അബ്ദുൾ റഹ്‌മാന്റെ മകൻ മുഹമ്മദ് ഷെരീഫും റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. തമിഴിൽ ‘പാമ്പൻ പുയൽ’ എന്നറിയപ്പെടുന്ന വെള്ളപ്പൊക്ക സമയത്ത് ചെറിയ കുട്ടിയായിരുന്ന മുഹമ്മദ് ഷെരീഫിന്, പിതൃസഹോദരൻ ജീവിതത്തിലേക്ക് തിരിച്ചുവന്ന കാഴ്ച ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

ഷെരീഫിനോടുകൂടി വെള്ളോടത്തിൽ കുടുംബത്തിന്റെ 96 വർഷത്തെ റെയിൽവേ ബന്ധം അവസാനിച്ചു എന്ന് കരുതിയിടത്താണ്, വർഷങ്ങൾക്കിപ്പുറം  പുതുക്കിപ്പണിത പാലത്തിന്റെ നിർമ്മാണത്തിൽ അബ്ദുള്ള കോയ ബി ആർ ഐയുടെ മകളുടെ മകൻ,  ഷാജഹാൻ പങ്കാളിയായി ആ പാരമ്പര്യം നിലനിർത്തുന്നത്. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള എസ് എസ് കൺസ്ട്രക്ഷൻ ആണ് പുതിയ പാലത്തിന്റെ  നിർമാണ പ്രവ്യത്തിയിൽ പ്രധാന പങ്ക് വഹിച്ചത്.  റെയിൽവേയുടെ കീഴിലുള്ള റിസർച്ച് ഡിസൈൻസ് & സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർ ഡി എസ് ഓ)യുടെ അംഗീകാരമുള്ള പുതിയ മുക്താർ എഞ്ചിനിയറിംഗ് കമ്പനിയുടെ പ്രധാന സബ് കോൺട്രാക്ടർ ആയാണ് എസ് എസ് കൺസ്ട്രക്ഷൻ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളായത്.

വളരെ കുറഞ്ഞ വേഗതയിൽ മാത്രം സർവീസ് നടത്താൻ സാധിച്ചിരുന്ന പഴയ പാലത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ പാലത്തിലൂടെ മണിക്കൂറിൽ 98 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് കുതിച്ചുപായൻ കഴിയും. കുറഞ്ഞ അറ്റകുറ്റപ്പണികളോടെ 100 വർഷത്തിലധികം ആയുസ്സാണ് ഇതിന് നിർണ്ണയിച്ചിരിക്കുന്നത്. ‘വെർട്ടിക്കൽ ലിഫ്റ്റിംഗ്’ സംവിധാനത്തോടെ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പാലമായ പുതിയ പാലത്തിന്റെ മധ്യത്തിലെ 72.5 മീറ്റർ ഭാഗം കുത്തനെ ഉയർത്താൻ കഴിയും.

അഹമ്മദ് കോയ സ്രാങ്കിൽ തുടങ്ങി ഷാജഹാനിൽ വന്ന് അവസാനിക്കുന്ന വെള്ളോടത്തിൽ കുടുംബത്തിന്റെ പാമ്പൻ പാലവുമായുള്ള ബന്ധം പോലെ ദൃഢമാണ് കടലുണ്ടിയുടെയും ചാലിയത്തിന്റെയും ബന്ധം. ദുരന്തത്തിൽ തകർന്ന പാമ്പൻ പാലം പൂർവ്വസ്ഥിതിയിലാക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി കേവലം മൂന്നു മാസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ ഇ ശ്രീധരന് കരുത്തായത് സത്യത്തിൽ ചാലിയത്തെ കോയട്ടി സ്രാങ്കിന്റെയും മാപ്പിള ഖലാസികളുടെയും പങ്കാളിത്തമാണ്. പുതിയ സ്പാനുകൾ ഉണ്ടാക്കി പുനർനിർമ്മിക്കാനായിരുന്നു റെയിൽവേ പദ്ധതിയിട്ടിരുന്നത്. എന്നാൽ ആഴക്കടലിൽ പഴയ സ്പാനുകൾ കണ്ടെത്തിയ മത്സ്യത്തൊഴിലാളികൾ വിവരം പോർട്ട് ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്ന് അവ എത്തിച്ച് നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. സാങ്കേതിക മികവിലും കടലുമായുള്ള പരിചയസമ്പത്തിലും ഏറെ മുന്നിട്ടുനിൽക്കുന്ന ചാലിയത്തെ ഖലാസികളെ ഇതിനായി ബന്ധപ്പെട്ടു. ഖലാസി ജോലിയിൽ വിദഗ്ത്തനായ ചെമ്മട്ട് സിയ്യാലി സ്രാങ്കിന്റെ നേതൃത്വത്തിൽ പുറപ്പെട്ട സംഘം വലിയ ചങ്ങാടത്തിൽ കെട്ടി മുഴുവൻ സ്പാനുകളും രണ്ടാഴ്ച്ച കൊണ്ട് കരക്കെത്തിച്ചു നൽകുകയായിരുന്നു. ഇതുമുലം മാത്രമാണ് റിക്കാർഡ് സമയം കൊണ്ട് പുനഃനിർമാണം പൂർത്തിയാക്കാൻ അന്ന് കഴിഞ്ഞത്. പക്ഷേ സിയ്യാലി സ്രാങ്കും സംഘവും ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയെന്ന് മാത്രം.

Related Articles

- Advertisement -spot_img

Latest Articles