വത്തിക്കാൻ: ആഗോള വത്തിക്കാൻ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പ (88) വിട വാങ്ങി. പ്രാദേശിക സമയം പുലർച്ചെ 7.35 ന് വത്തിക്കാനിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധക്ക് ചികിത്സ കഴിഞ്ഞു വിശ്രമത്തിലിരിക്കെയാണ് അന്ത്യം. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാൽക്കണിയിൽ മാർപാപ്പ കുറച്ചു സമയം വിശ്വാസികളെ സന്ദർശിച്ചിരുന്നു. 11 വർഷം സഭയെ നയിച്ച മാർപാപ്പ ദൈവസ്നേഹം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അത് ആർക്കും തടയാൻ പാടില്ലെന്നും ലോകത്തോട് ഉറക്കെ പറഞ്ഞിരുന്നു.
ശാരീരിക അവശതയെ തുടർന്ന് ബെനെഡിക്‌ട് 16ാമൻ രാജി വെച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ 266മത്തെ മാർപാപ്പയായി തെരെഞ്ഞെടുക്കപെടുന്നത്. 2013നാണ് അദ്ദേഹം മാർപാപ്പ പദവിയിലെത്തിയത്. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിന് ശേഷം ആദ്യമായി യൂറോപ്പിന് പുറത്തുനിന്നും മാർപാപ്പ പദവിയിലെത്തുന്ന ആളാണ്. ഇദ്ദേഹമാണ് അമേരിക്കയിൽ നിന്നും ആദ്യമായി മാർപാപ്പ പദവിയിലെത്തുന്നത്. ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരിക്കെയാണ് മാർപാപ്പ പദവിയിലെത്തുന്നത്. .
1936 ഡിസംബർ ഏഴിന് അർജന്റീനയിലെ ബ്യുണസ് അയേഴ്‌സിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. ഫ്രാൻസിസ് മാർപാപ്പയുടെ യഥാർഥ പേര് ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു . 1969ൽ പൗരോഹിത്യം സ്വീകരിച്ച ബെര്‍ഗോളിയോ 2001ൽ കർദിനാൾ ആയി. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. പ്രധാന മന്ത്രിയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചു അടുത്ത വർഷം ഇന്ത്യ സന്ദർശിക്കനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. അത് പൂർത്തിയാക്കാൻ സാധിക്കാതെയാണ് അദ്ദേഹം ലോകത്തൊട് വിട പറഞ്ഞത്.
ലളിത ജീവിതം നയിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക വസതി ഉപേക്ഷിച്ചു നഗര പ്രാന്തത്തിലെ ചെറിയ അപ്പാർട്മെന്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഇക്കോണമി ക്‌ളാസിൽ മാത്രം യാത്ര ചെയ്യുകയും യാത്രകൾക്ക് പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ നാലാമത്തെ സ്ഥാനം മാർപാപ്പക്കായിരുന്നു.



