പാരീസ് ഒളിംപിക്‌സ്; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

പാരീസ്: ഇന്ത്യന്‍ ഹോക്കി ടീമിന് പാരീസിലും വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന  പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം വെങ്കലമെഡലണിഞ്ഞിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സിലും ഇന്ത്യ വെങ്കലമായിരുന്നു നേടിയിരുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന നാലാമത്തെ  മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം വെങ്കലവും.

നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന് ഇനി  ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ വിരമിക്കാം . രണ്ടുപതിറ്റാണ്ടോളം ടീമിന്റെ ഗോള്‍വല  കാത്ത ശ്രീജേഷിന്റെ  വിടവാങ്ങല്‍ മഹത്തരമാക്കാൻ  ഇന്ത്യന്‍ ടീമിനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രീജേഷിന്റെ 335-ാം മത്സരംകൂടിയായിരുന്നു ഇത്.

കളിയുടെ ആരംഭത്തിൽ തന്നെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്കെതിരെ 18-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സ്‌പെയിൻ  മുന്നിലെത്തിയിരുന്നു. സര്‍ക്കിളിനുള്ളിലെ അമിത് രോഹിദാസിന്റെ ഹൈ സ്റ്റിക്ക് ബോക്കാണ് പെനാല്‍റ്റിക്ക് കാരണമായത്.

കളിയുടെ 30-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലക്ഷ്യം കണ്ട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ 33-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ  ഹര്‍മന്‍പ്രീത് ഇന്ത്യക്ക്  ലീഡ് സമ്മാനിച്ചു.

Related Articles

- Advertisement -spot_img

Latest Articles