ജിദ്ദ കേരള പൗരാവലിയുടെ ക്ഷേമ പ്രവർത്തനങ്ങൾ പ്രശംസനീയം – സി ജി

ജിദ്ദ: ജിദ്ദ കേരള പൗരാവലിയുടെ പ്രവാസി സൗഹൃദ ക്ഷേമപ്രവർത്തനങ്ങൾ സജീവമായി തുടരണമെന്ന് കോൺസുൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രാദേശിക മറ്റു അതിർവരമ്പുകൾക്ക്‌ അതീതമായ  കേരള പൗരാവലിയുടെ പ്രവർത്തനങ്ങളെ  അദ്ദേഹം ശ്ലാഘിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ  ഉപയോഗപ്പെടുത്തി യുവ തലമുറയെ ശാക്തീകരിക്കാൻ  ശ്രമിക്കണമെന്നും അദ്ദേഹം ജിദ്ദ കേരള പൗരാവലി പ്രതിനിധികളോട് പറഞ്ഞു.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് സ്ഥലം മാറി പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലിന് ജിദ്ദ കേരള പൗരാവലി യാത്രയയപ്പു നൽകി. സി ജി  നടപ്പാക്കിയ പദ്ധതികൾ സന്ദർശക സംഘം നന്ദിപൂർവ്വം സ്മരിച്ചു. കോവിഡ് 19 ന്റെ ഭീതിതമായ സന്ദർഭങ്ങൾ, ഹുറൂബ് വിഷയങ്ങൾ, ഇന്ത്യക്കാരായ ഹാജിമാർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിലും ജിദ്ദയിൽ നിന്നും ബഹുദൂരം അകലെയുള്ളവർക്കായി അവരുടെ അടുത്തേക്ക് എത്തുന്ന കോൺസുലേറ്റ് ഓൺ വീൽസ് തുടങ്ങിയ പദ്ധതികൾ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു.

പ്രവാസി കൂട്ടായ്മകളുടെ സാംസ്കാരിക പരിപാടികൾക്ക്  നൽകിയ പിന്തുണ, ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്കാരിക വാണിജ്യ വിനിമയങ്ങളുടെ അയ്യായിരം വർഷത്തെ ബന്ധം അനാവരണം ചെയ്ത സാംസ്കാരിക സന്ധ്യ,  എല്ലാ പ്രവാസികൾക്കും നിർബാധം കടന്നു ചെല്ലാവുന്ന കോൺസുലേറ്റിന്റെ തുറന്ന വാതിൽ നയം എന്നിവയെല്ലാം സന്ദർശക സംഘം നന്ദി പൂർവും സ്മരിച്ചു. ജിദ്ദ കേരള പൗരാവലിയുടെ ജനകീയവും സൗഹാർദ്ദപരമായ സമീപനത്തേയും പ്രയാസപ്പെടുന്ന ഇന്ത്യാക്കാരുടെ പൊതു വിഷയങ്ങളിലെ ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു.

കോൺസുലേറ്റിൽ നടന്ന ലളിതമായ യാത്രയപ്പിൽ  സലാഹ്‌ കാരാടൻ, ഷെരീഫ് അറക്കൽ, വേണു അന്തിക്കാട്, മുഹമ്മദ് ബൈജു, മൻസൂർ വയനാട്, നാസർ ചാവക്കാട്, സുവിജ സത്യൻ എന്നിവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles