കണ്ണൂർ : ആദിവാസി യുവതിയെ അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവും മറ്റു രണ്ടു പേരും അറസ്റ്റിൽ. ഭർത്താവ് അനിൽകുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ച പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തന്റെ ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിക്കുന്നതായി കാണിച്ച് കണ്ണൂർ ഡിഐജി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയുടെ മുകളിലാണ് നടപടി.
ഒന്നരവർഷമായി ഭർത്താവ് നിരന്തരം അവയവ കച്ചവടത്തിന് പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്ക നല്കിയാൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.
ഭർത്താവ് നേരത്തെ വൃക്ക നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേളകം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.



