റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലകളിൽ നാല് ആരോഗ്യ പ്രൊഫഷനലുകളിലെ സൗദി വൽക്കരണ നിരക്ക് വർധിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതായി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അംഗീകൃത പ്രൊഫഷനലുകളുടെ നിർവചനങ്ങളും ക്രമീകരണവും അനുസരിച്ച് 2025 ഒക്ടോബർ 17 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം നാല് ആരോഗ്യ പ്രൊഫഷനുകളിലാണ് സൗദി വൽകരണത്തിൻറെ രണ്ടാം ഘട്ടം ആരംഭിച്ചത്. ക്ലിനിക്കൽ ന്യൂട്രീഷൻ 80%, ഫിസിക്കൽ തെറാപ്പി 80%, മെഡിക്കൽ ലബോറട്ടറികൾ 70%, റേഡിയോളജി 65% എന്നിങ്ങനെയാണ് സൗദി വൽകരണത്തിന്റെ തോത് നിശ്ചയിച്ചിട്ടുള്ളത്.
മേൽ തസ്‌തികകളിൽ നിയമിക്കപ്പെടുന്ന സൗദി പ്രൊഫഷനുകൾക്ക് ലഭിക്കേണ്ട കുറഞ്ഞ ശമ്പളവും തീരുമാനിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റുകൾക്ക് 7,000 റിയാലും ടെക്‌നീഷ്യന്മാർക്ക് 5,000 റിയാലും കുറഞ്ഞ ശമ്പളം നൽകിയിരിക്കണം. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം പാലിച്ചിരിക്കണെമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ നിയമം നടപ്പാക്കുന്നതിന്റെ വിശദാംശങ്ങളും സൗദി വൽക്കരണ അനുപാതങ്ങളും നടപടിക്രമങ്ങളും ഉൾകൊള്ളുന്ന മാർഗനിർദേശങ്ങളും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മാനവ വിഭവ ശേഷി സംവിധാനം വിവിധ പിന്തുണകളും ആനുകൂല്യങ്ങളും നൽകും. ഇതിൽ റിക്രൂട്മെന്റ് സഹായം, പരിശീലനം, യോഗ്യത നിർണയം, തൊഴിൽ സ്ഥിരത കൂടാതെ ഹ്യൂമൻ റിസോഴ്‌സസ് ഡെവെലപ്‌മെൻറ് ഫണ്ടിൻറെ പരിപാടികളിൽ മുൻഗണന എന്നിവ ഉൾപ്പെടുന്നുണ്ട്. നിയമപരാമനായ പിഴകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും തീരുമാനം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു



