ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണു

അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണു. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ ഉണ്ടായിരുന്നുവെന്ന് തുർക്കി അധികൃതർ അറിയിച്ചു.

അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിൽ തകർന്നുവീണത്. വിമാനം താഴേക്ക് പതിക്കുന്നതിൻ്റെ ദൃശ്യങ്ങൾ തുർക്കി വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.

തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചതനുസരിച്ച്, അസർബൈജാൻ, ജോർജിയൻ അധികൃതരുമായി സഹകരിച്ച് തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിക്കുകയും “നമ്മുടെ രക്തസാക്ഷികൾക്ക്” അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles