‘പോറ്റിയെ കേറ്റിയേ…’ പാരഡി പാട്ടിനെതിരെ കേസെടുത്തു; മതവികാരം വ്രണപ്പെടുത്തിയതായി പരാതി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വൻതോതിൽ പ്രചരിക്കുകയും ഹിറ്റാവുകയും ചെയ്ത ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ…’ എന്ന പാരഡി ഗാനത്തിനെതിരെ സൈബർ പോലീസ് കേസെടുത്തു. പ്രശസ്തമായ ‘പള്ളിക്കെട്ട് ശബരിമലൈക്ക്’ എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തിൽ തയ്യാറാക്കിയ ഈ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പശ്ചാത്തലമാക്കി തയ്യാറാക്കിയ ഗാനം രാഷ്ട്രീയ ലാഭത്തിനായി ഭക്തിഗാനത്തെ വികൃതമാക്കിയെന്നും അയ്യപ്പ ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് നിർദ്ദേശിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്. രാഷ്ട്രീയ പ്രചാരണത്തിന് മതചിഹ്നങ്ങളും ഭക്തിഗാനങ്ങളും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടി സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ഖത്തറിലുള്ള പ്രവാസിയായ ജി.പി. കുഞ്ഞബ്ദുല്ല വരികളെഴുതി മലപ്പുറത്തെ ഡാനിഷ് മുഹമ്മദ് ആലപിച്ച ഈ ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. വിഷയത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് കൂടി മുൻകൂട്ടിക്കണ്ടാണ് സി.പി.എം ഇപ്പോൾ കടുത്ത നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles