ന്യൂഡൽഹി: പൊതുവേദിയിൽ വെച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചുരിയതിനെത്തുടർന്ന് അപമാനിതയായ ആയുഷ് ഡോക്ടർ നുസ്‌റത്ത് പർവീൻ സർക്കാർ ജോലിയിൽ പ്രവേശിക്കില്ലെന്ന് തീരുമാനിച്ചു. ബിഹാറിലെ നൂറോളം ആയുഷ് ഡോക്ടർമാരുടെ ഒഴിവിലേക്ക് നിയമനം ലഭിച്ച നുസ്‌റത്ത് വരും ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
എന്നാൽ തന്നെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രിക്ക് കീഴിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് നുസ്‌റത്ത് നിയമന ഉത്തരവ് നിരസിച്ചത്. കഴിഞ്ഞ ദിവസം പട്‌നയിൽ വെച്ച് നടന്ന സംവാദ് പരിപാടിയിൽ പുതിയ ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രി നുസ്‌റത്തിന്റെ നിഖാബ് പരസ്യമായി പിടിച്ചു വലിച്ചത്.
സംഭവത്തിൽ നിതീഷ് കുമാറിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലഖ്‌നൗവിലും ഹൈദരാബാദിലും മുഖ്യമന്ത്രിക്കെതിരെ പോലീസ് പരാതികൾ നൽകിയിട്ടുണ്ട്. ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീയുടെ മാനത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടായ ഇത്തരമൊരു മോശം പ്രവൃത്തി സമൂഹത്തിൽ തെറ്റായ മാതൃക സൃഷ്ടിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങൾ നുസ്‌റത്തിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും താൻ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് അവർ അറിയിച്ചു.



