യെലഹങ്കയിലെ കുടിയൊഴിപ്പിക്കൽ: പുനരധിവാസത്തിന് 5 ലക്ഷം രൂപ നൽകണം; വീട് സൗജന്യമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: യെലഹങ്കയിലെ കൊഗിലു ഗ്രാമത്തിൽ കൈയേറ്റം ആരോപിച്ച് വീടുകൾ പൊളിച്ചുമാറ്റപ്പെട്ട കുടുംബങ്ങൾക്ക് പകരം വീട് നൽകുമെങ്കിലും അത് സൗജന്യമായിരിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. പുനരധിവാസ പാക്കേജിന്റെ ഭാഗമായി ഓരോ കുടുംബവും അഞ്ച് ലക്ഷം രൂപ വീതം നൽകേണ്ടി വരും.

11.2 ലക്ഷം രൂപ വിലമതിക്കുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് 5 ലക്ഷം രൂപയ്ക്കാണ് സർക്കാർ നൽകുന്നത്, ബാക്കി തുക സബ്‌സിഡിയായി നൽകും. ബയ്യപ്പനഹള്ളിയിലായിരിക്കും ഇവർക്ക് താമസസൗകര്യം ഒരുക്കുക. ജനുവരി ഒന്നിന് വീടുകളുടെ താക്കോൽ കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുന്നറിയിപ്പില്ലാതെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നടത്തിയ ബുൾഡോസർ നടപടിയിൽ നാനൂറോളം വീടുകളാണ് തകർക്കപ്പെട്ടത്. ഇതോടെ 350-ലധികം കുടുംബങ്ങൾ പെരുവഴിയിലായി. കുളം കൈയേറിയാണ് താമസിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഈ നടപടി.

വാടകവീടുകളിൽ പോലും കഴിയാൻ ശേഷിയില്ലാത്ത പാവപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന പരാതി ഉയരുന്നുണ്ട്. എന്നാൽ, കുടിയൊഴിപ്പിക്കപ്പെട്ട അതേ സ്ഥലത്ത് വീണ്ടും താമസിപ്പിക്കാൻ കഴിയില്ലെന്ന് സർക്കാർ കർശന നിലപാട് സ്വീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles