റിയാദ്: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിലെ കർമ്മങ്ങൾ സംബന്ധിച്ച് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം. പള്ളികൾക്കകത്ത് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നത് മന്ത്രാലയം വിലക്കി. പള്ളികളുടെ മുറ്റത്തോ മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങളിലോ മാത്രമേ ഇഫ്താർ ഭക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാവൂ എന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. കൂടാതെ, പ്രാർഥനകൾക്കായി പുറം ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ബാങ്കിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തണം.
ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ചുള്ള കൃത്യസമയത്ത് തന്നെ ബാങ്ക് വിളിക്കണമെന്നും ഇഷാ നമസ്‌കാരത്തിന്റെ ബാങ്ക് സമയം കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പള്ളികളിലേക്കുള്ള കുടിവെള്ള സംഭാവനകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും വൻതോതിൽ കുപ്പിവെള്ളം ശേഖരിച്ചുവെച്ച് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പള്ളികൾ പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം സ്ത്രീകളുടെ പ്രാർഥനാ മുറികൾക്ക് പ്രത്യേക പരിഗണന നൽകണം. ശുചീകരണ തൊഴിലാളികളും അറ്റകുറ്റപ്പണി സംഘവും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തീർഥടകർക്കും വിശ്വാസികൾക്കും മികച്ച സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു



