അഞ്ചു ലക്ഷം മുസ്‌ലിം വോട്ടുകൾ വെട്ടിമാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഗുഹാവത്തി: അസമിലെ വോട്ടർപട്ടികയിൽ നിന്ന് നാല് മുതൽ അഞ്ച് ലക്ഷം വരെ ‘മിയാ’ മുസ്ലിംകളെ (ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ) വെട്ടിമാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിൻസുകിയ ജില്ലയിലെ ദിഗ്‌ബോയിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദമായ ഈ പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണ പ്രക്രിയയിലൂടെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ അസമിൽ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മിയാ മുസ്ലിംകൾ അസം വിട്ടുപോകാൻ അവരെ പരമാവധി ബുദ്ധിമുട്ടിക്കണമെന്നും അവർ ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മിയാ മുസ്ലിംകളെ ബുദ്ധിമുട്ടിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അവരെ ഞെരുക്കിയാൽ മാത്രമേ അവർ സംസ്ഥാനം വിട്ടുപോകുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി റിക്ഷാ തൊഴിലാളികളായ മിയാ മുസ്ലിംകൾക്ക് അഞ്ച് രൂപ നൽകേണ്ടിടത്ത് നാല് രൂപയേ നൽകാവൂ എന്നും അദ്ദേഹം ബിജെപി പ്രവർത്തകർക്ക് ആഹ്വാനം നൽകി. മുഖ്യമന്ത്രിയുടെ ഭരണഘടനാ വിരുദ്ധമായ ഈ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹിമന്ത ബിശ്വ ശർമ അസമിൽ ഭരണഘടനയെ അപ്രസക്തമാക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു വിഭാഗത്തെ നിരന്തരം സമ്മർദ്ദത്തിലാക്കാനല്ല ജനങ്ങൾ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാക്കൾ ഓർമ്മിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles