തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറന്നില്ലെങ്കിൽ ‘ഇറാനിൽ നരകം പെയ്യും’; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വരും തിങ്കളാഴ്ചയ്ക്കകം (ഏപ്രിൽ 6) തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിൽ നരകം പെയ്യും” (All hell will rain down) എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഊർജ്ജ നിലയങ്ങൾ തകർക്കുന്നതിനുള്ള സമയപരിധി പത്തുദിവസത്തേക്ക് താൻ നീട്ടിനൽകിയിരുന്നതായും, ആ കാലാവധി തിങ്കളാഴ്ച അവസാനിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ വെറും 48 മണിക്കൂർ മാത്രമാണ് ഇറാന് മുന്നിലുള്ളതെന്നും സമയം അതിവേഗം അവസാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത്. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, തന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ എണ്ണക്കിണറുകളും വൈദ്യുതി നിലയങ്ങളും പൂർണ്ണമായി തകർക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. നിലവിൽ കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ട്രംപ് നൽകിയ സമയപരിധി അവസാനിക്കുന്നതോടെ മേഖലയിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles