21.9 C
Saudi Arabia
Thursday, April 30, 2026
spot_img

ഇറാന്റെ 50 കോടി ഡോളറിന്റെ ക്രിപ്‌റ്റോ ആസ്‌തികൾ പിടിച്ചെടുത്തതായി അമേരിക്ക

വാഷിംഗ്ടൺ: ഇറാന്റെ പക്കൽ നിന്നും ഏകദേശം 50 കോടി ഡോളർ (അര ബില്യൺ) മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി ആസ്‌തികൾ അമേരിക്ക പിടിച്ചെടുത്തതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ‘ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക നടത്തുന്ന സാമ്പത്തിക നീക്കങ്ങൾ ഇറാൻ ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ഈ കണക്കുകൾ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ 35 കോടി ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തതായും പിന്നീട് 10 കോടി കൂടി ഇതിനോട് ചേർത്തതായും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇറാന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മാർച്ച് മുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഈ സാമ്പത്തിക സമ്മർദ്ദ തന്ത്രങ്ങൾ ആരംഭിച്ചത്. ഇറാന്റെ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും അമേരിക്ക കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ എണ്ണയുമായി സഹകരിക്കുന്ന ബാങ്കുകൾക്കും വ്യവസായങ്ങൾക്കും നേരെ സെക്കൻഡറി ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ബെസെന്റ് വ്യക്തമാക്കി. അമേരിക്കയുടെ നാവിക ഉപരോധവും സാമ്പത്തിക നിയന്ത്രണങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നാണ് യുഎസ് വിലയിരുത്തൽ. എന്നാൽ, അമേരിക്കയുടെ ഈ നീക്കങ്ങളെ ഇറാൻ പരിഹസിച്ചു. ഉപരോധങ്ങൾ ആഗോള വിപണിയിൽ എണ്ണവില വർധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഇറാൻ പ്രതികരിച്ചു. ബെസെന്റിന്റെ ഉപദേശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles