കണ്ണൂർ: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമ്മടത്ത് പിന്നിലായതായി റിപ്പോർട്ടുകൾ. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 2,077 വോട്ടുകൾക്കാണ് മുഖ്യമന്ത്രി നിലവിൽ പിന്നിലായിരിക്കുന്നത്; അദ്ദേഹത്തിന് 15,570 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 17,647 വോട്ടുകൾ ലഭിച്ചതായാണ് സൂചന. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിലായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം യു.ഡി.എഫ് വലിയ തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ പ്രകടമാകുന്നത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിസഭയിലെ പ്രമുഖരായ വീണ ജോർജ്, എം.ബി. രാജേഷ്, ആർ. ബിന്ദു, പി. രാജീവ് എന്നിവരും അതത് മണ്ഡലങ്ങളിൽ പിന്നിലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആറൻമുളയിൽ വീണ ജോർജ് കോൺഗ്രസിന്റെ അബിൻ വർക്കിയേക്കാൾ 3,642 വോട്ടുകൾക്ക് പിന്നിലാണ്. തൃത്താലയിൽ എം.ബി. രാജേഷ് വി.ടി. ബൽറാമിനും കളമശ്ശേരിയിൽ പി. രാജീവ് വി.ഇ. അബ്ദുൽ ഗഫൂറിനും പിന്നിലായി തുടരുന്നത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ യു.ഡി.എഫ് ക്യാമ്പുകൾ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 140 മണ്ഡലങ്ങളിൽ ഭൂരിഭാഗം ഇടങ്ങളിലും യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിന്റെ അന്തിമഫലം പുറത്തുവരുമ്പോൾ കേരളം ആര് ഭരിക്കുമെന്ന് ചിത്രം വ്യക്തമാകുമെങ്കിലും, നിലവിലെ സൂചനകൾ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിരൽ ചൂണ്ടുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.



