ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് വിജയാഘോഷം സംഘടിപ്പിച്ചു

ദമ്മാം: ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു ഡി എഫിന്റെ വൻവിജയം “ടീം യു ഡി എഫ് @102” എന്ന പേരിൽ ആഘോഷിച്ചു. കെ പി സി സി മുൻ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ അഹമ്മദ് പുളിക്കൽ മുഖ്യാതിഥി ആയിരുന്നു. വിജയാഘോഷത്തിൻറെ ഭാഗമായി നടന്ന സമ്മേളനം ആക്ടിങ് പ്രസിഡണ്ട് നൗഷാദ് തഴവയുടെ അദ്ധ്യക്ഷതയിൽ ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.

പത്തു വര്‍ഷത്തെ ഇടത് കിരാത ഭരണത്തിന് അറുതി വരുത്തി, കേരളീയ ജനത അടുത്ത അഞ്ച് വര്‍ഷത്തെ ഭരണം ഐക്യ ജനാധിപത്യ മുന്നണിക്ക് നല്‍കിയിരിക്കുകയാണ്. പിണറായി വിജയൻറെ പ്രതീക്ഷകളെ കടപുഴക്കി, നൂറിലധികം സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് അധികാരത്തിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിലെ സകലമാന ജനങ്ങളുടെയും പൂർണ പിൻതുണയോടെയാണ് പുതിയ സർക്കാർ കേരളത്തിൽ ഭരണം നടത്താൻ പോകുന്നത്. വരാൻ പോകുന്ന സർക്കാർ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജനകീയ സർക്കാർ ആയിരിക്കുമെന്ന് എന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ നിന്ന് അകന്നുള്ള ദാർഷ്ട്ട്യം നിറഞ്ഞ പ്രവർത്തനങ്ങൾ പിണറായിയുടെയും കൂട്ടരുടെയും അടിവേരിളക്കി. തെറ്റായ നയങ്ങളിലൂടെയുള്ള പ്രവർത്തങ്ങൾ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ട്ടിച്ചു . ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗമാണ്.സാധാരണക്കാരെ മറന്നു സ്വന്തം പ്രതിച്ഛായ മനോഹരമാക്കാൻ പിണറായി കോടികൾ ചിലവഴിച്ചപ്പോൾ അത് ജനത്തിന് അവകാശപ്പെട്ട പണമാണ് എന്ന കാര്യം അദ്ദേഹം മറന്നു.

പി എസ് സി ലിസ്റ്റ് വഴിയുള്ള നിയമനങ്ങളിലെ മെല്ലെപ്പോക്കും, സ്വജനപക്ഷപാതവും, പി എസ് സിയെ നോക്കുകുത്തിയാക്കി നടന്ന താത്കാലിക- കരാര്‍ നിയമനങ്ങളും ഉദ്യോഗാര്‍ഥികളെ വല്ലാതെ നിരാശരാക്കിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് അര്‍ഹമായ തൊഴില്‍ ലഭിക്കാതെ,പാർട്ടി ഗുണ്ടകൾക്ക് സർക്കാർ ജോലികൾ ലഭിച്ചപ്പോൾതന്നെ യുവ സമൂഹം സർക്കാരിനെ വെറുത്തിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സംവിധാനം ജനവിരുദ്ധമായി മാറി പാർട്ടി ഗുണ്ടകളെപ്പോലെ പെരുമാറിയ സംഭവങ്ങള്‍ സമീപവര്‍ഷങ്ങളില്‍ ധാരാളമാണ്. ശബരിമലയിലെ സ്വര്‍ണക്കടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതിയും മാസപ്പടി വിവാദം വരെയുമുള്ള നിരവധി വിവാദങ്ങള്‍ ഈ ഭരണം കേരളത്തിന് നൽകിയ തീരാകളങ്കങ്ങൾ ആണ്.

യു ഡി എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കൂടുതല്‍ തിളങ്ങുന്നത്. എല്ലാം നിയന്ത്രിച്ച് ഏകോപിതമായ പ്രചാരണത്തിലൂടെ ജനവിശ്വാസം നേടാന്‍ പാര്‍ട്ടിക്കായി. പ്രതിപക്ഷമെന്ന നിലയിൽ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്നണിക്ക് ഉണര്‍വേകി. സംസ്ഥാനത്തിന്റെ പൊതുവായ വിഷയങ്ങളില്‍ സര്‍ക്കാറിനെ പിന്തുണക്കുകയും അതേസമയം ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ശൈലിയാണ് കഴിഞ്ഞ കാലങ്ങളിൽ യു ഡി എഫ് സ്വീകരിച്ചത്. ഈ ക്രിയാത്മക പ്രതിപക്ഷം എന്ന പ്രതിഛായ യു ഡി എഫ് അണികള്‍ക്കു പുറമെ നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും അനുകൂല തരംഗമുണ്ടാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്ഷേമപദ്ധതികളുടെ മുടക്കം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് യു ഡി എഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരുടെ മനസ്സില്‍ വ്യക്തമായ പ്രതിഫലനം ഉണ്ടാക്കി. രാഹുൽഗാന്ധിയുടെ അഞ്ചിന ഗ്യാരണ്ടികൾ കേരളത്തിൽ വിപ്ലവകരമായ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്ന വിലയിരുത്തൽ ഈ മഹാവിജയത്തിന്റെ അടിത്തറയായി.

കേരളീയ ജനത ജനാധിപത്യം സംരക്ഷണത്തിനും മതേതരത്വത്തിനും ഒപ്പം നിൽക്കുന്നവരാണ് എന്ന സന്ദേശമാണ് ഈ ഫലം നൽകുന്നത്. സി പി എം പാർട്ടി കോട്ടകൾ കടപുഴകിയതിലൂടെ ജനങ്ങൾ അടിമകൾ അല്ല എന്ന് തെളിയിക്കപ്പെട്ടു. അഭിമാനകരമായ ഈ നേട്ടത്തിനിടയിലും, മൂന്ന് ഇടത് സീറ്റുകൾ സംഘപരിവാര ശക്തികൾ പിടിച്ചെടുത്തതും, സി പി എം വോട്ടുകൾ ബി ജെ പിയിലേക്ക് കുത്തൊലിച്ചു പോകുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി.

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗം ജോൺ കോശി, നാഷണൽ വൈസ് പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി, ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സി ടി ശശി ആലൂർ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. ഈസ്റ്റേൺ പ്രോവിൻസ് സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

ഈസ്റ്റേൺ പ്രോവിൻസ് ഭാരവാഹികളായ ഷംസ് കൊല്ലം, പി കെ അബ്ദുൽ കരിം, ഡോ: സിന്ധു ബിനു, സക്കീർ പറമ്പിൽ, അൻവർ വണ്ടൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, മനോജ് കെ പി, ബിനു പി ബേബി, ആസിഫ് താനൂർ എന്നിവർ നേതൃത്വം നൽകി. മൂവർണ നിറത്തിലുള്ള കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആവേശം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയും ജില്ലാ, ഏരിയ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മറ്റു ഭാരവാഹികൾ ഉൾപ്പടെ ഉള്ള ഒ ഐ സി സി പ്രവർത്തകർ ആഘോഷത്തിന്റെ ഭാഗമായി.

 

Related Articles

- Advertisement -spot_img

Latest Articles