സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി മുൻനിര നേതാവുമായ സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് (43) അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 10:30-ഓടെ നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിൽ വെച്ചായിരുന്നു സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയത്തിന് പിന്നാലെ നടന്ന ഈ കൊലപാതകം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്. മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രനാഥ് രഥ്, നിയമസഭ സ്റ്റിക്കർ പതിച്ച കാറിന്റെ മുൻസീറ്റിലിരുന്ന് യാത്ര ചെയ്യവേ ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ കാർ ഡ്രൈവർ ബുദ്ധദേവിനും വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും തന്റെ വിശ്വസ്തനായ സഹപ്രവർത്തകനെ വകവരുത്താൻ ഗൂഢാലോചന നടന്നതായും സുവേന്ദു അധികാരി ആരോപിച്ചു. ബിജെപി പ്രവർത്തകർക്കിടയിൽ ഭീതി പടർത്താനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, കൊലപാതകത്തെ ശക്തമായി അപലപിച്ച തൃണമൂൽ കോൺഗ്രസ്, കുറ്റവാളികളെ കണ്ടെത്താൻ കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലയാളി സംഘം സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയെങ്കിലും വ്യാജ നമ്പർ പ്ലേറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിജിപി സിദ്ധ് നാഥ് ഗുപ്ത അറിയിച്ചു. സ്ഥലത്തുനിന്നും വെടിയുണ്ടകളും തൊപ്പികളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ ഭവാനിപൂർ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ മുഖ്യ ചുമതലക്കാരനായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ്.

 

 

Related Articles

- Advertisement -spot_img

Latest Articles