മലപ്പുറം: തന്നെ മുസ്‌ലിം ലീഗ് കാലു വാരിയെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ബേപ്പൂരിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ. യുഡിഎഫ് ഒറ്റക്കെട്ടായാണ് ബേപ്പൂരിൽ പ്രവർത്തിച്ചത്. ആരോടും ഒരു പരാതിയും ഇല്ല. ബേപ്പൂരിൽ സിപിഎം–ബിജെപി കൂട്ടുകെട്ടാണ് തന്നെ തോൽപ്പിച്ചതെന്നും അൻവർ പറഞ്ഞു. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി.സതീശൻ. പി.എ.മുഹമ്മദ് റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ വേണ്ടിയാണ് ബേപ്പൂരിൽ താൻ റിസ്ക് എടുത്ത് മത്സരിച്ചത്. ബേപ്പൂരിൽ രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞു. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കും. തന്റെ പോരാട്ടത്തിനുള്ള അംഗീകാരം ജനം തന്നു. മറ്റൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല. ബേപ്പൂരിൽ തന്നെ തോൽപ്പിച്ചത് ബിജെപി വോട്ടുകളാണ്. അമിത് ഷാ ബേപ്പൂരിൽ പ്രചാരണം നടത്തിയിട്ടും ബിജെപി വോട്ട് വർധിച്ചില്ല.
പിണറായി വിജയനുമായിട്ടുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത് മലപ്പുറത്തെയും മലബാറിലെയും ജനങ്ങളോട് പറഞ്ഞാണ്. ആ ഏറ്റുമുട്ടലിന്റെ സമാപ്തിയാണ് ഇപ്പോൾ കഴിഞ്ഞത്. അതിൽ അങ്ങേയറ്റം അന്നും ഇന്നും എന്നോടൊപ്പം നിന്ന ജനങ്ങളിൽ ഏറ്റവും വലിയ വിഭാഗമാണ് മുസ്‍ലിം ലീഗിന്റെ പ്രവർത്തകർ. ഈ തിരഞ്ഞെടുപ്പിലും രാപകലില്ലാതെ ഞാൻ എത്ര ഉറക്കമൊഴിച്ചിട്ടുണ്ടോ, അതിലേറെ ഉറക്കം ഒഴിച്ച് പ്രവർത്തിച്ച പ്രവർത്തകരാണവർ. ബിജെപിക്ക് ബേപ്പൂരിൽ ഒരു വോട്ട് പോലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് കൂടിയിട്ടില്ല. ബിജെപിയുടെ 2021 ലെ വോട്ടിൽ നിന്ന് ആകെ വർധിച്ചത് പത്തോ അൻപതോ വോട്ടാണ്. ബിജെപിയുമായി സംസ്ഥാനത്ത് ഒട്ടാകെ ഉണ്ടായ ഡീലിൽ സിപിഎം വിജയം കണ്ട ഒരു മണ്ഡലം കൂടിയാണ് ബേപ്പൂർ. അത് തന്നെയാണ് അവിടെ നടന്നത്.
പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അൻവർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. സിപിഎം വിട്ടവരുമായും വിടാൻ ഒരുങ്ങുന്നവരുമായും ചർച്ച നടത്തും. യുഡിഎഫിന്റെ അനുമതിയോടെ അവർക്കായി പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും പാണക്കാട് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം അൻവർ മാധ്യമങ്ങളോടു പറഞ്ഞു



