തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവേ, വി.ഡി. സതീശനായി അണികളുടെ വൻ ശക്തിപ്രകടനം. എ.ഐ.സി.സി നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ സതീശനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളുടെ പ്രളയമാണ് ദൃശ്യമാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കമന്റുകളാണ് സതീശനായി പേജുകളിൽ നിറഞ്ഞത്. “Next CM VD Satheesan”, “We want VDS as Kerala CM” തുടങ്ങിയ ഹാഷ്‌ടാഗുകളുമായി സതീശന്റെ നിയമസഭയിലെ പ്രകടനങ്ങളും രാഷ്ട്രീയ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് അണികൾ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. സതീശനെ അല്ലാതെ മറ്റൊരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് സോഷ്യൽ മീഡിയയിലൂടെയുള്ള അണികളുടെ പ്രധാന ആവശ്യം.
സോഷ്യൽ മീഡിയയിലെ തരംഗത്തിന് പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനായി പ്രവർത്തകർ തെരുവിലിറങ്ങുന്ന കാഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ഇരിട്ടി, പഴയങ്ങാടി എന്നിവിടങ്ങളിലും കൊച്ചിയിലെ നെട്ടൂരിലും സതീശൻ അനുകൂലികൾ പ്രകടനം നടത്തി. ഇതിന് പുറമെ കൊടുങ്ങല്ലൂർ, കുന്നംകുളം, കടവല്ലൂർ, ആലുവ എന്നിവിടങ്ങളിലും വി.ഡി. സതീശനായി മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രി ചർച്ചകൾ വെറും നേതാക്കൾക്കിടയിലുള്ള ചർച്ച എന്നതിലുപരി അണികൾക്കിടയിലെ വികാരമായി മാറിയിരിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അവകാശവാദം ശക്തമാക്കിയിട്ടുണ്ട്. എ.ഐ.സി.സി നിരീക്ഷകർ 63 എം.എൽ.എമാരെ നേരിൽ കണ്ടു അഭിപ്രായം തേടിയപ്പോൾ മൂന്ന് വിഭാഗങ്ങളും തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്നാണ് അവകാശപ്പെടുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് ചില എം.പിമാർ രംഗത്തെത്തിയതും, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയതും കോൺഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും മുറുകുന്നതിന്റെ സൂചനയായി. വിജയലഹരിക്കിടയിലും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഈ ചേരിതിരിവ് ഹൈക്കമാൻഡിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സതീശനായി ഉയരുന്ന ഈ ജനകീയ തരംഗം ഹൈക്കമാൻഡ് തീരുമാനത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.



