ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയവും വിപ്ലവകരവുമായ തീരുമാനങ്ങളുമായി സി. ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യവിൽപന ശാലകൾ ഉടനടി പൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം ഇതിനായുള്ള നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് സർക്കാർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.
വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധമായും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന മദ്യശാലകളെ കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം 276 ഷോപ്പുകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാലയങ്ങൾക്കും കോളജുകൾക്കും അരികിലും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിച്ചിരുന്നത്. പൊതുജനക്ഷേമം മുൻനിർത്തിയാണ് ഈ കടുത്ത തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മദ്യശാലകൾ പൂട്ടുന്നതിന് പുറമെ, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനുമുള്ള നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി അംഗീകാരം നൽകി.
തമിഴക വെട്രി കഴകം (TVK) നേതാവായ വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതിലൂടെ മികച്ച ഭരണാധികാരി എന്ന പ്രതിച്ഛായ നേടിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും വനിതാ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സുപ്രധാന പ്രഖ്യാപനങ്ങൾ വിജയ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



