ന്യൂഡൽഹി/ജയ്പൂർ: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കണ്ടെത്തി. ഇയാൾ മെയ് ഒന്നിന് സിക്കാറിലുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ‘ഗസ്സ് പേപ്പർ’ ആണ് പിന്നീട് കോച്ചിംഗ് സെന്ററുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാപകമായി പ്രചരിച്ചത്. ഈ ചോദ്യപേപ്പറിൽ യഥാർത്ഥ പരീക്ഷയിലെ 135-ഓളം ചോദ്യങ്ങൾ അതേപടി ഉൾപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
കേസുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരൻ മനീഷ് ഉൾപ്പെടെ 15 പേരെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു. സിക്കാറിലെ പിപ്രാലി റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ കൺസൾട്ടൻസി ഉടമ രാകേഷ് മണ്ഡവാരിയയും പിടിയിലായവരിൽ ഉൾപ്പെടുന്നു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് സിക്കാറിൽ പ്രചരിച്ച 410 ചോദ്യങ്ങളടങ്ങിയ കൈയെഴുത്ത് പ്രതിയിൽ നിന്നാണ് ബയോളജി, കെമിസ്ട്രി വിഭാഗങ്ങളിലെ ചോദ്യങ്ങൾ ചോർന്നത്. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് വിറ്റഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സിക്കാർ, ചുരു, ജുൻജുനു, ഡെറാഡൂൺ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളിലേക്കാണ് ചോദ്യപേപ്പർ പ്രധാനമായും എത്തിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മെയ് ഏഴിനാണ് ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറുകയായിരുന്നു. 2024-ലെ നീറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ സുരക്ഷ കർശനമാക്കിയിട്ടും വീണ്ടും ചോദ്യപേപ്പർ ചോർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. രാജസ്ഥാൻ പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം പരീക്ഷ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൻ.ടി.എ തീരുമാനമെടുക്കും.



