ടെഹ്റാൻ: ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ഏതെങ്കിലും തരത്തിലുള്ള അധിനിവേശം ഉണ്ടായാൽ അതിന് നൽകുന്ന മറുപടി അമേരിക്കയെ അമ്പരപ്പിക്കുന്നതായിരിക്കുമെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഭീഷണികൾക്ക് ഉചിതമായ മറുപടി നൽകാൻ ഇറാൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ്റെ സമാധാന നിർദ്ദേശങ്ങളെ തള്ളിക്കളയുകയും സൈനിക നീക്കം പുനരാരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രതികരണം.
നയതന്ത്ര ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്ക യുക്തിരഹിതമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ്റെ സായുധ സേന സജ്ജമാണെന്നും ഖാലിബാഫ് ആവർത്തിച്ചു. സമാധാനത്തിനുള്ള വാതിലുകൾ അടയുന്നത് മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾക്ക് വാഷിംഗ്ടൺ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇറാനിയൻ നേതൃത്വം വ്യക്തമാക്കി.



