മക്ക: തീർത്ഥാടകർക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. വിസകൾ, കരാറുകൾ, തീർത്ഥാടകരുടെ വരവ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീയതികളും ഇലക്ട്രോണിക് സേവനങ്ങളുടെ വിവരങ്ങളും അടങ്ങിയതാണ് പുതിയ കലണ്ടർ. ഇതനുസരിച്ച് വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി ഉംറ വിസകൾ അനുവദിക്കുന്നതും അവരുടെ രാജ്യത്തേക്കുള്ള വരവും 2026 മെയ് 31 മുതൽ ആരംഭിക്കും. പുതിയ സീസണായി വിദേശ ഏജന്റുമാരുമായുള്ള ഇലക്ട്രോണിക് കരാറുകൾ പൂർത്തിയാക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ മന്ത്രാലയം നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു.
പുതിയ ടൈംടേബിൾ പ്രകാരം തീർത്ഥാടകർക്ക് 2026 ജൂൺ 1 മുതൽ ‘നുസുക്’ (Nusuk) ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റുകൾ നേടാനും മക്കയിലേക്ക് പ്രവേശിക്കാനും സാധിക്കും. പുതിയ സീസണിലെ ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള അവസാന തീയതി 2027 മാർച്ച് 9 ആയി നിശ്ചയിച്ചിട്ടുണ്ട്. വിദേശ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 23 ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, രാജ്യത്ത് എത്തിയ തീർത്ഥാടകർ ഉംറ നിർവ്വഹിച്ച് തിരികെ മടങ്ങേണ്ട അവസാന തീയതി 2027 ഏപ്രിൽ 7 ആയിരിക്കും. ഉംറ കമ്പനികളും വിദേശ ഏജന്റുമാരും മന്ത്രാലയം അംഗീകരിച്ച ഈ സമയക്രമം കൃത്യമായി പാലിക്കണമെന്നും തീർത്ഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



