അൽ ജുബൈൽ: പ്രവാസി മലയാളി കൂട്ടായ്മകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അരങ്ങേറിയ ‘അമ്മു’ ഷോർട്ട് ഫിലിമിന്റെ പ്രീമിയർ ഷോ ശ്രദ്ധേയമായി. നിറഞ്ഞ സദസ്സിൽ മികച്ച ശബ്ദവിന്യാസത്തിൽ ഒരുക്കിയ പ്രദർശനം കാണികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരൻ ജസീർ കണ്ണൂർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം, അതിന്റെ സമകാലിക പ്രസക്തിയുള്ള പ്രമേയം കൊണ്ടും പ്രൊഫഷണൽ അവതരണ മികവ് കൊണ്ടും പ്രശംസ പിടിച്ചുപറ്റി.
സംസാരശേഷിയില്ലാത്ത ‘അമ്മു’ എന്ന കൊച്ചു പെൺകുട്ടി കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോകുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാരീരിക പരിമിതിയെ തികച്ചും സ്വാഭാവികമായി കഥാഗതിയുടെ മുറുക്കം കൂട്ടാൻ വേണ്ടി മാത്രം ഉപയോഗപെടുത്തിയ ചിത്രത്തിന്റെ ക്ലൈമാക്സ് ഏറെ ശ്രദ്ധേയമാണ്. കുടുംബങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട ശക്തമായ ഒരു സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്.

ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ധൻവി ഹരികുമാർ എന്ന കൊച്ചു മിടുക്കിയുടെ സ്വാഭാവിക അഭിനയം പ്രേക്ഷക ഹൃദയങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സച്ചിൻ ജേക്കബ്, സഹീർഷ കൊല്ലം, നീതു ശ്രീവത്സൻ, ഗായത്രി ഹരീഷ്, അഫ്സൽ റോനു, നൗഷാദ് മുത്തലീഫ്, ഹുസൈൻ ചമ്പോളിൽ, ഷാക്കിറ ഹുസൈൻ, അദ്വിക്, നൈവേദ് ശ്രീവത്സൻ എന്നിവരും മികച്ച അഭിനയം കാഴ്ചവെച്ചു. ജസീർ കണ്ണൂരിനൊപ്പം നിഖിൽ മുരളീധരനും ചേർന്ന് നിർവ്വഹിച്ച ഛായാഗ്രഹണം ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ അനുഭൂതി സമ്മാനിച്ചപ്പോൾ, ചലച്ചിത്ര ഗാന രചയിതാവ് നിഷാന്ത് കൊടമനയും ജസീർ കണ്ണൂരും രചിച്ച ഗാനങ്ങളും സാന്തു സന്തോഷ്, മീനു അനൂപ് എന്നിവരുടെ ആലാപനവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളെ കൂടുതൽ ആഴമുള്ളതാക്കി.
ജുബൈലിലെ സാമൂഹിക, സാംസ്കാരിക രംഗത്തെത്തുള്ള, ബൈജു അഞ്ചൽ, ശിഹാബ് കായംകുളം, ടോണി ആന്റണി, ജോസഫ് മമ്മൂടാൻ, നജീബ് നസീർ, സതീഷ് കുമാർ, ശിഹാബ് മങ്ങാടൻ , റഊഫ് മേലത്ത്, മുനീർ മുഴുപ്പിലങ്ങാട്, ബിജു നീലേശ്വരം, ഷംസുദ്ധീൻ പള്ളിയാലി, നവ്യാ വിനോദ്, ദിവ്യാ നവീൻ, ഷാജഹാൻ മുബാറഖ്, നീതു രാജേഷ്, മഹേഷ്, സൗജന്യ, അഖിൽ, സന്തോഷ്, അമിത, നഹാസ് നിക്കി തുടങ്ങിയവർ പ്രീമിയർ ഷോ കാണാൻ എത്തിയിരുന്നു. പ്രവാസലോകത്തെ സാങ്കേതിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വലിയൊരു സന്ദേശം കൈമാറാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, സമൂഹം ഏറ്റെടുത്ത് പ്രചരിപ്പിക്കേണ്ട മികച്ചൊരു ദൃശ്യാവിഷ്കാരമാണ് ‘അമ്മു’ എന്നും കാണികൾ അഭിപ്രായപ്പെട്ടു.
അടുത്ത ആഴ്ച്ച , യൂ ട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.



