വി.ഡി. സതീശൻ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കോൺഗ്രസിന് 12, ലീഗിന് 5; നാളെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറിന് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയ ശേഷമാണ് വി.ഡി. സതീശൻ വാർത്താസമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയത്. ഘടകകക്ഷികളുമായുള്ള നീണ്ട ചർച്ചകൾക്കും ഗ്രൂപ്പ് സമവാക്യങ്ങൾക്കും ഒടുവിലാണ് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കിയത്. കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ്, കെഡിപി എന്നീ കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നാളെ നടക്കും.

കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവർക്കൊപ്പം എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവരാണ് കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിലെത്തുന്നത്. കൂടാതെ, രണ്ടര വർഷത്തിന് ശേഷം ടേം വ്യവസ്ഥയിൽ വയനാട്ടിൽ നിന്നുള്ള ഐ.സി. ബാലകൃഷ്ണനും മന്ത്രിയാകും. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്കും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പാർട്ടി നിശ്ചയിച്ചിട്ടുണ്ട്.

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാർ. ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് പ്രതിനിധികളില്ലാത്തത് കണക്കിലെടുത്ത്, പ്രാദേശിക സമവായത്തിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള ടേം വ്യവസ്ഥയിൽ മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള തർക്കങ്ങൾക്കൊടുവിൽ മോൻസ് ജോസഫ് മന്ത്രിയാകും. പാർട്ടിയിലെ അപു ജോസഫിനെ പുതിയ ചീഫ് വിപ്പായി നിയമിക്കുമെന്നാണ് സൂചന. മറ്റ് ഘടകകക്ഷികളായ ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയുടെ ഏക എംഎൽഎയായ മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാനാണ് യുഡിഎഫ് നേതൃത്വം അന്തിമ ധാരണയിലെത്തിയത്.

Related Articles

- Advertisement -spot_img

Latest Articles