ജനപ്രിയ പ്രഖ്യാപനങ്ങളുമായിആദ്യ മന്ത്രിസഭാ യോഗം; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി പുതിയ സർക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് സുപ്രധാന തീരുമാനങ്ങളടങ്ങിയ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് വേളയിൽ മുന്നോട്ട് വെച്ച ‘ഇന്ദിരാ ഗ്യാരണ്ടികളിലെ’ രണ്ട് സുപ്രധാന വാഗ്ദാനങ്ങൾ ആദ്യ യോഗത്തിൽ തന്നെ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് വരുന്ന ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. കൂടാതെ, രാജ്യത്താദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ലോകത്ത് ഏറ്റവും മികച്ച രീതിയിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ള ജപ്പാൻ മോഡൽ കേരളത്തിലും പരിശോധിക്കുമെന്നും വയോജനങ്ങളെ ചേർത്തുപിടിക്കുന്ന ഒട്ടേറെ സ്വപ്ന പദ്ധതികൾ ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരായ ക്ഷേമ ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ മറ്റ് പ്രഖ്യാപനങ്ങൾ. ആദ്യ ഘട്ടമെന്ന നിലയിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപ വർദ്ധിപ്പിക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ 9000 രൂപയായിരുന്ന ഓണറേറിയം ഇതോടെ 12,000 രൂപയായി ഉയരും. ഭരണത്തിൽ വാക്കും വിശ്വാസ്യതയുമാണ് പ്രധാനമെന്നും, മുൻപ് ആശാ വർക്കർമാരുടെ സമരപ്പന്തലിൽ പോയി നൽകിയ ഉറപ്പാണ് ഇതിലൂടെ പാലിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇവരുടെ മുഴുവൻ ആവശ്യങ്ങളും ഒറ്റയടിക്ക് നടപ്പിലാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പരിഗണിക്കും. ഇതിന് പുറമെ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ വീതം വർദ്ധനവ് വരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്തുമെന്നത് സംബന്ധിച്ച കാര്യങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.

പുതിയ നിയമസഭയുടെ ആദ്യ സമ്മേളന തീയതികളും ആദ്യ മന്ത്രിസഭാ യോഗം നിശ്ചയിച്ചിട്ടുണ്ട്. ജി. സുധാകരനായിരിക്കും പ്രോടേം സ്പീക്കർ. ഈ മാസം മെയ് 21-ന് പുതിയ എം.എ.എമാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. തൊട്ടടുത്ത ദിവസമായ മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് മെയ് 29-ന് നടക്കുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ സഭയുടെ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles