ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥരെയാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി സസ്പെൻഡ് ചെയ്തത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവരാണ് ഇവർ. കേസിൽ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് നടപടി. നിലവിൽ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തിൽ നിർണ്ണായകമായ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

മുൻ ക്രമസമാധാന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് പുതിയ അന്വേഷണ റിപ്പോർട്ട്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രദ്ധ മുഴുവൻ അങ്ങോട്ട് കേന്ദ്രീകരിച്ചിരുന്ന സമയം മുതലെടുത്ത്, കേസ് എഴുതിത്തള്ളാൻ അജിത് കുമാർ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തിയെന്നാണ് കണ്ടെത്തൽ. വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, തെളിവുകളില്ലെന്ന് കാണിച്ച് റിപ്പോർട്ട് തിരുത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി, ഗൺമാൻമാരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പ്രത്യേക സംഘത്തിന് മൊഴി നൽകി.

തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരുടെ നിലപാട് തള്ളിക്കളഞ്ഞ്, അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും അജിത് കുമാറിന്റെ ഓഫീസിലിരുന്ന് തിരുത്തി എഴുതിച്ചതായാണ് ആരോപണം. പരാതിക്കാർ ദൃശ്യങ്ങൾ ഹാജരാക്കിയില്ലെന്നും, ഗൺമാൻമാർ ചെയ്തത് ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണെന്നും എഴുതിച്ചേർത്താണ് 2024 ഓഗസ്റ്റ് 16-ന് കേസ് എഴുതിത്തള്ളാൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസന്വേഷിച്ച ഇൻസ്പെക്ടർമാരും ഡി.വൈ.എസ്.പിമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അജിത് കുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്വേഷണത്തിൽ അട്ടിമറി നടത്തിയെന്ന കണ്ടെത്തൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles