എ.ഡി.എം നവീൻ ബാബു കേസ്: സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സി.പി.എം രംഗത്തെത്തി. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ആരോപിച്ചു. നവീൻ ബാബു കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം മുൻപ് സുപ്രീംകോടതിയും ഹൈക്കോടതിയും തള്ളിയതാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വി.ഡി. സതീശന് കേരള പൊലീസിനേക്കാൾ വിശ്വാസം കേന്ദ്ര ഏജൻസിയിലാണോ എന്ന് കെ.കെ. രാഗേഷ് ചോദിച്ചു. സി.ബി.ഐ അന്വേഷണം നടക്കുന്നതിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും, എന്നാൽ അന്വേഷണം നീതിപൂർവകമായിരിക്കണമെന്നും രാഷ്ട്രീയ വേട്ടയാടലിന് ഏജൻസികളെ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം സി.പി.എം ഇല്ലെന്ന പ്രചാരണം തെറ്റാണെന്നും നീതി നടപ്പാകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം, സർക്കാർ തീരുമാനത്തെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സ്വാഗതം ചെയ്തു. ഈ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചപ്പോൾ പോസിറ്റീവ് ആയ മറുപടി ലഭിച്ചിരുന്നെങ്കിലും, ഇത്ര വേഗത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മഞ്ജുഷ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles