തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ശീതളപാനീയത്തിൽ മയക്കുഗുളിക കലർത്തി നൽകി ക്രൂരമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പുല്ലുവിള സ്വദേശിയായ മനു (28) എന്നയാളെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 18-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. കുറച്ചുനാൾ മുൻപ് പെൺകുട്ടിയുടെ ബന്ധുവീട്ടിൽ വെച്ചാണ് പ്രതി കുട്ടിയെ ആദ്യമായി കാണുന്നത്. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐഡി തരപ്പെടുത്തുകയും അതുവഴി നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.
സംഭവദിവസം പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയ മനു, തന്റെ ഒരു സുഹൃത്തിനൊപ്പം അവിടെയെത്തുകയും കൈയിൽ കരുതിയിരുന്ന ജ്യൂസ് പെൺകുട്ടിക്ക് കുടിക്കാൻ നൽകുകയുമായിരുന്നു. ഇത് കുടിച്ചതിന് പിന്നാലെ കുട്ടി ബോധരഹിതയാവുകയും, തുടർന്ന് പ്രതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സി.ഡബ്ല്യു.സി നൽകിയ നിർദ്ദേശപ്രകാരം മണ്ണന്തല പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവദിവസം പ്രതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് ആഴത്തിൽ അന്വേഷിച്ചു വരികയാണ്



